ഐക്യരാഷ്ട്ര ദിനം 2022: ചരിത്രവും പ്രാധാന്യവും അറിയാം
ഇന്ന് ഐക്യരാഷ്ട്ര ദിനം( United Nations Day) 1945 ല്‍ ഐക്യരാഷ്ട്രസഭ (UN) സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോകം ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ് ഐക്യരാഷ്ട്രസഭ.രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം കൈവരിക്കുന്നതിലും രാജ്യങ്ങളുടെ ഏകോപന കേന്ദ്രമാകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍.
ഐക്യരാഷ്ട്രസഭയെക്കുറിച്ച്:
1945 ഒക്ടോബര്‍ 24 നാണ് യുഎന്‍ നിലവില്‍ വന്നത്. ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒത്തുകൂടി യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. നാലു മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 24ന് യു.എന്‍ ചാര്‍ട്ടര്‍ നിലവില്‍ വന്നു. ഈ ദിനത്തിന്റെ വാര്‍ഷികം 1948 മുതല്‍ ഐക്യരാഷ്ട്ര ദിനം ആയി ആചരിക്കപ്പെടുന്നു. യുണൈറ്റഡ് നേഷന്‍സ് എന്ന പേര് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഫ്രാങ്ക്ലിന് ഡി റൂസ്വെല്‍റ്റാണ് ആദ്യമായി ഉപയോഗിച്ചത്. രണ്ടാം ലോക മഹായുദ്ധസമയത്ത് 1942 ജനുവരി 1 ന് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്.യുഎന്‍ സ്ഥാപിതമായ സമയത്ത് 51 അംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 193 അംഗരാജ്യങ്ങളാണ് യുഎന്നിലുളളത്. ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ ഓരോന്നും പൊതുസഭയില്‍ അംഗങ്ങളാണ്. അതില്‍തന്നെ ജനറല്‍ അസംബ്ലി, സെക്യൂരിറ്റി കൗണ്‍സില്‍, സാമ്പത്തിക സാമൂഹിക കൗണ്‍സില്‍, ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍, അന്താരാഷ്ട്ര നീതിന്യായ കോടതി, യുഎന്‍ സെക്രട്ടേറിയറ്റ് എന്നിങ്ങനെ വിവിധ സംഘടനകളും അതിലുണ്ട്.1948 ഒക്ടോബര്‍ 24-നാണ് ആദ്യമായി ഐക്യരാഷ്ട്രദിനമായി ആഘോഷിച്ചത്. തുടര്‍ന്ന് 1971-ല്‍ യുഎന്‍ അംഗരാജ്യങ്ങളോട് ഇത് പൊതു അവധിയായി ആചരിക്കാന്‍ ശുപാര്‍ശ ചെയ്തു.
ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക് എന്നീ ആറു ഭാഷകളാണ് യു.എന്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഉപയോഗിക്കുന്നത്. മുന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്ന ആന്റോണിയോ ഗുട്ടറസ് ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍.