
വൈറലായി അഡ്വ.മുകുന്ദനുണ്ണിയുടെ ട്രെയ്‌ലര്‍ അനൗണ്‍സ്‌മെന്റ്
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് റിലീസ് ചെയ്യും. രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ അനൗണ്‍സ്മെന്റ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളാണ് വൈറലാവുന്നത്. ”ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കല്‍പ്പറ്റയില്‍ ജോലിത്തിരക്കിനിടയില്‍ എനിക്കിത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോളവര്‍ അതിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്… ഞാനെന്താണെന്ന്,” എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിനീതാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയാവുന്നത്.
