ആരെന്നുപോലും അറിയില്ല, പേരും മറന്നു: മറവി രോഗം ബാധിച്ച് കനകലത

പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ദുരിതാവസ്ഥയിലായി നടി കനകലത. നടിയുടെ സഹോദരി വിജയമ്മ ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നു. ഇപ്പോൾ ഭക്ഷണം കഴിക്കുന്നതുപോലും നിർത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്നു. ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. ഡയപ്പർ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ പറയുന്നു.

34 വർഷമായി കനകലതയുടെ കാര്യങ്ങളൊക്കെ നോക്കുന്നത് കൂടെയുള്ള വിജയമ്മയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കനകലത വാങ്ങിയ വീട്ടിലാണ് ഇപ്പോൾ ഇവരുടെ താമസം. 22 ാം വയസ്സിൽ പ്രണയിച്ചാണ് കനകലത വിവാഹം കഴിച്ചത്. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല. കനകലതയ്ക്കൊപ്പം പ്രോഗ്രാമിനും ഷൂട്ടിനുമൊക്കെ പോകാന്‍ കൂട്ടിനായി വന്നതാണ് വിജയമ്മ. ഇവരുടെ സഹോദരന്റെ മകനാണ് ഇപ്പോള്‍ ഇവർക്ക് സഹായത്തിനുള്ളത്.

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. മാസം 5000 രൂപ കൈനീട്ടമായും ലഭിക്കുന്നുണ്ട്. ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ധനസഹായം ലഭിച്ചിരുന്നു. കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ൽ ഏറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്‌ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. ‘ആനന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘പൂക്കാല’ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു.

ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. 2018 ൽ ‘പഞ്ചവർണതത്ത’, 2019 ൽ ‘ആകാശഗംഗ 2’ എന്നിവയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കനകലത അഭിനയിച്ച സിനിമകൾ. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ‘ത്രീ ഡെയ്സ്’ ആണ് കനകലതയുടെ ഈ വർഷത്തെ രണ്ടാമത്തെ സിനിമ. അവസരങ്ങൾ എത്തുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തിൽ സജീവമാകാമെന്ന പ്രതീക്ഷയ്ക്കിടെയാണ് മറവി രോഗം കനകലതയെ പിടികൂടുന്നത്.

You might also like