തേടിയെത്തിയ നിയോഗം, വേറിട്ട വേഷം; സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ്

‘നിയോഗം പോലെ തേടി വന്ന അവസരം ഒരു തവണ വഴുതിമാറിപ്പോയിട്ടു വീണ്ടും തേടി വന്നതോടെ ഇത് എനിക്കു തന്നെയുള്ളതാണെന്നുറപ്പിച്ചു. അല്ലെങ്കിലും, ഇങ്ങനെയൊരു നായികാ വേഷം തീരെ പ്രതീക്ഷിച്ചതല്ല.’ വിപ്ലവ വഴികളിലൂടെ വിശുദ്ധജീവിതം നയിച്ച് രക്തസാക്ഷിയായി മാറിയ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ നടി വിൻസി അലോഷ്യസ്. ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലെസ്’ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനായി ഇന്നലെ ഡൽഹിയിലെത്തിയതാണു വിൻസി.

മറ്റൊരു ഭാഷ, ഇതുവരെ ചെയ്തിട്ടില്ലാത്ത തരം വേഷം. 16 വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഒപ്പം അഭിനയിച്ചത്. കേരളത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 37 ദിവസത്തെ ഷൂട്ടിങ്. വിൻസിയുടെ ഹിറ്റ് ചിത്രങ്ങളിൽ നിന്നെല്ലാം തികച്ചും വേറിട്ട കഥയും ജീവിതവും പറയുന്ന സിനിമയായിരുന്നു ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ സിസ്റ്റർ റാണി മരിയ നയിച്ച സമർപ്പിത ജീവിതം വിവരിക്കുന്ന ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‌ലെസ്’.

വിൻസി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. അന്നേ സിസ്റ്ററിന്റെ ജീവിതകഥ കേട്ടിരുന്നു. 41 വയസ്സുള്ള സിസ്റ്റർ റാണി മരിയയെ അവതരിപ്പിക്കു‌ന്നതായിരുന്നു ഈ ചിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ആ രൂപത്തിലേക്കും ഭാവത്തിലേക്കും എത്താൻ വലിയ തയാറെടുപ്പുകൾ തന്നെ നടത്തിയെന്നു വിൻസി പറയുന്നു.കന്യാസ്ത്രീമാരുടെ ജീവിതശൈലികൾ ചെറുപ്പം മുതൽ വളരെ അടുത്തു നിന്നു കണ്ടറിഞ്ഞതാണ്. അമ്മയുടെ സഹോദരി കന്യാസ്ത്രീയായിരുന്നു. കൂടാതെ സിസ്റ്റർമാർ നടത്തിയിരുന്ന പൊന്നാനി വിജയമാത കോൺവന്റ് സ്കൂളിലായിരുന്നു പഠനം. അന്നേ അവർ പറഞ്ഞുകേട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഏറെ അത്ഭുതപ്പെട്ടിട്ടുണ്ട്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ രഞ്ജൻ ഏബ്രഹാം വഴി ഈ ചിത്രത്തിലേക്ക് എത്തുന്നത് ‘സോളമന്റെ തേനീച്ചകൾ’ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ്. ആദ്യം ഡേറ്റ് ശരിയായില്ല. പക്ഷേ, നേരത്തേ പറഞ്ഞിരുന്ന ഒരു സിനിമ മാറിപ്പോയപ്പോൾ വീണ്ടും ഇതിലേക്കു തന്നെ എത്തി.

മധ്യപ്രദേശിലെ ഉൾ‌ഗ്രാമത്തിലുള്ളവർക്കൊപ്പമുള്ള സിസ്റ്റർ റാണി മരിയയുടെ ജീവിതമായിരുന്നു അഭിനയിച്ചു ഫലിപ്പിക്കേണ്ടിയിരുന്നത്. ഇതിനായി ഇതര ഭാഷയിലുള്ള മറ്റ് അഭിനേതാക്കൾക്കൊപ്പം വർക്‌ഷോപ്പ് ഉണ്ടായിരുന്നത് ഏറെ സഹായകമായി. ഹിന്ദിയായിരുന്നു മറ്റൊരു വെല്ലുവിളി. സംവിധായകൻ ഉൾപ്പെടെയുള്ളവരുടെ ഒപ്പമിരുന്നാണ‌ു സംഭാഷണങ്ങൾ പഠിച്ചെടുത്തത്. 10 ദിവസം കൊണ്ടു തന്നെ ഹിന്ദി ഒരുവിധം വഴങ്ങി. കേരളത്തിൽ സിനിമയുടെ പ്രദർശനത്തിന് ശേഷം സിസ്റ്റർ റാണി മരിയയുടെ കുടുംബാംഗങ്ങൾ കെട്ടിപ്പിടിച്ച് കൈകളിൽ ചുംബിച്ചു. അപ്പോഴാണ് ഈ ചിത്രത്തിലെ അഭിനയവും അവരുടെ ജീവിതാനുഭവങ്ങളും എത്രത്തോളം ചേർന്നു നിൽക്കുന്നുണ്ട് എന്ന് ശരിക്കും തിരിച്ചറിഞ്ഞതെന്നും വിൻസി പറയുന്നു. സിസ്റ്റർ റാണി മരിയയായി മാറാൻ വിൻസി അലോഷ്യസ് ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ ഷൈസൻ പി. ഔസേപ്പ് പറഞ്ഞു. ഒട്ടും വശമില്ലാതിരുന്ന ഭാഷ കൈകാര്യം ചെയ്യാനും പ്രായത്തിലേറെ മുന്നിലുള്ള ഒരു കഥാപാത്രമായി തീരാനും വിൻസി ഏറെ പ്രയത്നിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like