മമ്മൂട്ടിക്ക് ആദരവുമായി രാജ്യത്ത് ഇനി മമ്മൂട്ടിയുടെ സ്റ്റാമ്പും! ഓസ്ട്രേലിയൻ പാർലമെന്റ് സമിതി
കാൻബറ∙ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്ക് ഓസ്ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉത്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നു.
ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസി യുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകള റിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എം പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് “പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ”.
ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ കൂട്ടിച്ചേർത്തു. താൻ വളർന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാകൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
ട്രെയ്ഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ ഇന്ത്യയിലെ ഓസ്ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഫോർ ഓസ്ട്രേലിയ ഇന്ത്യ റിലേഷൻസ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷണൽ അസ്സോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോഡിനേറ്ററും വേൾഡ് മലയാളി കൌൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ഓസ്ട്രേലിയയിലെ നിരവധി എം.പി മാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ സ്റ്റാമ്പുകൾ വിപണിയിലെത്തും.