ദീപാവലി സമ്മാനമായി T20 ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ
ആവേശം വാനോളമുയര്‍ന്ന ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ജയിച്ചു കയറിയത്. 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
കഴിഞ്ഞ ടി20 ലോകകപ്പിലെയും ഏഷ്യാ കപ്പിലെയും പരാജയങ്ങള്‍ക്ക് പകരം വീട്ടാന്‍ കച്ചകെട്ടിയാണ് ഇന്ത്യ പാകിസ്താനെതിരെ ഇറങ്ങിയത്. ബൗളര്‍മാര്‍ ഒരുപരിധി വരെ പാകിസ്താന്‍ ബാറ്റിംഗ് നിരയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ പ്രതീക്ഷ മുഴുവന്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിരയിലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (4) കെ.എല്‍ രാഹുലും (4) തുടക്കത്തില്‍ തന്നെ മടങ്ങി.
മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും പതിയെ സ്‌കോറിംഗ് ആരംഭിച്ചപ്പോള്‍ ഇന്ത്യ പ്രതീക്ഷയിലായി. പക്ഷേ, കാമിയോ ഇന്നിംഗ്‌സിന് ശേഷം സൂര്യകുമാറും (10 പന്തില്‍ 15) പിന്നാലെയെത്തിയ അക്ഷര്‍ പട്ടേലും അതിവേഗം മടങ്ങി. ഇതോടെ പ്രതീക്ഷ മുഴുവന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയിലായി. പ്രതീക്ഷകള്‍ തെറ്റിക്കാതെ കോഹ്ലി-പാണ്ഡ്യ സഖ്യം ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്.
8 പന്തില്‍ 28 റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തില്‍ ഹാരിസ് റൗഫിനെ തുടരെ രണ്ട് സിക്‌സറുകള്‍ പറത്തിയാണ് കോഹ്ലി ഇന്ത്യയെ മത്സരത്തിലേയ്ക്ക് തിരികെ എത്തിച്ചത്. അവസാന ഓവറില്‍ 16 റണ്‍സ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ പാണ്ഡ്യയ്ക്ക് പക്ഷേ തുടക്കത്തില്‍ തന്നെ പിഴച്ചു. മുഹമ്മദ് നവാസിനെതിരെ കൂറ്റനടിയ്ക്ക് ശ്രമിച്ച പാണ്ഡ്യ (40) ബാബറിന്റെ കൈകളില്‍ ഒതുങ്ങി.
ബോണസ് പോലെ ലഭിച്ച ഒരു ഫുള്‍ടോസ് അതിര്‍ത്തി കടത്തിയ കോഹ്ലി ഫ്രീഹിറ്റില്‍ മൂന്ന് റണ്‍സ് നേടുകയും ചെയ്തു. ഇതോടെ 2 പന്തില്‍ 2 റണ്‍സായി ലക്ഷ്യം ചുരുങ്ങി. എന്നാല്‍ ദിനേശ് കാര്‍ത്തിക് ഫിനിഷറുടെ റോള്‍ ഭംഗിയാക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. കാര്‍ത്തിക് പുറത്തായതോടെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 1 പന്തില്‍ 2 റണ്‍സ്. സ്‌ട്രൈക്ക് ചെയ്ത അശ്വിന്‍ വൈഡ് ബോള്‍ ബുദ്ധിപൂര്‍വം ഒഴിഞ്ഞു നിന്നതോടെ സ്‌കോര്‍ സമനിലയിലായി. അവസാന പന്ത് ഉയര്‍ത്തി അടിച്ച അശ്വിന്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചു. 53 പന്തില്‍ 6 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തി 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയാണ് കളിയിലെ താരം.