ലംബോര്‍ഗിനിയും ഫെരാരിയും തമ്മില്‍
കേരളത്തില്‍ ലംബോര്‍ഗിനി ഒരു തരംഗമാകുന്നത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ലോബോര്‍ഗിനി കാര്‍ സ്വന്തമാക്കിയതോടെയാണ്. യഥാര്‍ത്ഥത്തില്‍ ഈ ലംബോര്‍ഗിനി കാര്‍ പിറവിയെടുത്തതിന്റെ പിന്നിലും ത്രില്ലടിപ്പിക്കുന്ന ഒരു കഥയുണ്ട്.
1916 ഏപ്രില്‍ 28 നാണ് കഥാനായകന്‍ ഫെറൂച്ചിയ ലംബോര്‍ഗിനിയുടെ ജനനം. മുന്തരിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു ഫെറൂച്ചിയയുടെ അച്ഛന്‍. ചെറുപ്പം മുതലേ തോട്ടത്തില്‍ അച്ഛനെ സഹായിക്കാന്‍ പോകുന്നത് ഫെറുച്ഛിയയുടെ പതിവായിരുന്നു. അതിന് ഒരു കാരണം കൂടി ഉണ്ടായിരുന്നു, തോട്ടത്തില്‍ പണിക്ക് കൊണ്ടുവരുന്ന ട്രാക്ടറുകള്‍ നന്നാക്കുന്നത് കാണാന്‍ കൂടീയായിരുന്നു ആ പോക്ക്. ഒരിക്കല്‍ ട്രാക്ടര്‍ കേടായപ്പോള്‍ ഫെറൂച്ചിയ ട്രാക്ടര്‍ ഒറ്റയ്ക്ക് നന്നാക്കി എല്ലാവരെയും അമ്പരപ്പിച്ചു.
അപ്പോഴാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഫെറൂച്ചിയ നിര്‍ബന്ധിത സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. മടിയോടെയാണ് സൈന്യത്തില്‍ ചേര്‍ന്നതെങ്കിലും അവിടെവെച്ച് മോട്ടര്‍വാഹനങ്ങളെയും യന്ത്രങ്ങളെയും പറ്റി കൂടുതല്‍ പഠിക്കാന്‍ ഫെറൂച്ചിയയ്ക്ക് സാധിച്ചു.
യുദ്ധം അവസാനിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വിവാഹിതനായി. ഭാര്യ സെലീന മോണ്ടിയ്‌ക്കൊപ്പം നാട്ടില്‍ മെക്കാനിക്ക് ആയി സന്തോഷകരമായ ജീവിതം നയിച്ചു വരികയേണ് ഭാര്യ സെലീന മരിക്കുന്നത്. അത് കടുത്ത വിഷാദ രോഗാവസ്ഥയിലേക്കാണ് ഫെറൂച്ചിയയെ തള്ളി വിട്ടത്.
ആ അവസ്ഥയെ ഫെറൂച്ചിയ അതിജീവിച്ചത് സ്വന്തമായി ട്രാക്ടര്‍ നിര്‍മ്മിച്ചുകൊണ്ടാണ്. യുദ്ധാനന്തരം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ ഉപയോഗിച്ചായിരുന്നു ട്രാക്ടര്‍ നിര്‍മ്മാണം. മികച്ച നിലവാരം പുലര്‍ത്തിയ ലംബോര്‍ഗിനി ട്രാക്ടര്‍ക്ക് ആവശ്യക്കാര്‍ ഏറി. അതോടെ ലംബോര്‍ഗിനി ട്രാക്ടര്‍ ഫാക്ടറി എന്ന നിലയിലേക്ക് ഫെറൂച്ചിയയുടെ സംരംഭം വളര്‍ന്നു.
ആഡംബര കാറുകളോട് വലിയ പ്രിയമായിരുന്നു ഫെറൂച്ചിയയ്ക്ക്. അങ്ങനെ അദ്ദേഹം ആ സമയത്ത് ഒരു ഫെറാരി കാര്‍ വാങ്ങി. പക്ഷെ ഉദ്ദേശിച്ച സംതൃപ്തി കിട്ടിയില്ല. തുടര്‍ന്ന് അദ്ദേഹം കാറു മുഴുവന്‍ അഴിച്ച് പരിശോധിച്ച് പ്രശ്‌നം കണ്ടെത്തി. ക്ലച്ചാണ് ഫെറാരി കാറിന്റെ വില്ലനെന്ന് കണ്ടെത്തി.
ഫെരാരി കമ്പനി ഉടമയായ എന്‍സോ ഫെരാരിയെ നേരിട്ട് കണ്ട് ഫെറൂച്ചി വിഷയം ധരിപ്പിച്ചു. ക്ലച്ചിന്റെ പ്രശ്‌നംകൂടി പരിഹരിച്ചാല്‍ ലോകത്തില്‍ ഒരു കാറിനും ഫെരാരിയെ വെല്ലാനാകില്ലെന്നു പറഞ്ഞു. എന്നാല്‍ എന്‍സോ ഫെറാരിക്ക് അത് അത്ര പിടിച്ചില്ല. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ എന്ന സര്‍ട്ടിഫിക്കറ്റ് ഫെരാരിക്ക് ഒരു ട്രാക്ടര്‍ നിര്‍മ്മാതാവ് തരണ്ട എന്നായിരുന്നു എന്‍സോ ഫെറാരിയുടെ പ്രതികരണം.
അപമാനിതനായ ഫെറൂച്ചിയ പക്ഷെ ആ അപമാനം അത്ര വേഗത്തില്‍ മറന്നില്ല. പകരം ഒരു തീരുമാനമെടുത്തു ഫെരാരിയെക്കാള്‍ മികച്ചൊരു കാര്‍ നിര്‍മ്മിച്ച് അവരോട് പ്രതികാരം ചെയ്യുക.
അങ്ങനെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പേ സകലരേയും ഞെട്ടിച്ച് ഫെറൂച്ചിയ ലംബോര്‍ഗിനി തന്റെ സ്‌പോര്‍ട്‌സ് കാര്‍ പുറത്തിറക്കി. അതാണ് നമ്മളെ ഇന്നും മോഹിപ്പിക്കുന്ന സാക്ഷാല്‍ ലോബോര്‍ഗിനി കാര്‍. തന്റെ പിതാവിന്റെ പേരാണ് അദ്ദേഹം കാറിന് നല്‍കിയത്. പിന്നെ ലംബോര്‍ഗിനിയുടെ നാളുകളായിരുന്നു. കുറഞ്ഞ സമയംകൊണ്ട് ഫെരാരിയുടെ മുകളില്‍ വളര്‍ന്ന ലംബോര്‍ഗിനി ഇന്നും തന്റെ സ്ഥാനം വാഹനപ്രേമികള്‍ക്കിടയില്‍ തന്റെ സ്ഥാനം നിലനിര്‍ത്തുന്നു.