സെക്കന്റ് ഹാന്‍ഡ് വാഹനം വാങ്ങിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം!
ഒരല്പം ശ്രദ്ധ പുലര്‍ത്തിയാല്‍ സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതും ഒരാനകാര്യമൊന്നുമല്ല. യഥാര്‍ത്ഥത്തില്‍, പുതിയ വാഹനം വാങ്ങുന്നതിനേക്കാള്‍ ലാഭത്തില്‍ സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ സാധിക്കും. താഴെ പറയുന്ന കാര്യങ്ങള്‍ വായിച്ചു നോക്കൂ. നിങ്ങള്‍ക്കും ലാഭകരമായി ഒരു സെക്കന്റ് ഹാന്‍ഡ് വാഹനം മോഹവിലയില്‍ സ്വന്തമാക്കാം.
സെക്കന്റ് ഹാന്‍ഡ് വാഹനം വാങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യം കൃത്യമായ ഒരു പ്ലാന്‍ തയ്യാറുക. ഏതു തരത്തിലുള്ള വാഹനമാണ് വാങ്ങേണ്ടത്, എത്രയാണ് ബജറ്റ്, എത്ര കാലപ്പഴക്കം വരെയുള്ള വാഹനമാണ് വാങ്ങാന്‍ ഉദ്ദേശം എന്നി കാര്യങ്ങളെപ്പറ്റി കൃത്യമായ ഒരു അവബോധം ആവശ്യമാണ്.
ഒരു വാഹനനിര്‍മാതാവിന്റെ പ്രത്യേക മോഡല്‍ നിങ്ങളുടെ മനസിലുണ്ടെകില്‍ ആ വാഹനം ഉപയോഗിക്കുന്നവരില്‍നിന്നു പെര്‍ഫോമന്‍സ്, സ്‌പെയര്‍പാര്‍ട്‌സിന്റെ വില, ഇന്ധനക്ഷമത, ശരാശരി ഉപയോഗ ചിലവ് എന്നിവയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചറിയുന്നത് നല്ലതാണ്. ഇഷ്ടങ്ങള്‍ക്കുപരി പ്രായോഗികത മുന്‍നിര്‍ത്തി ഒരു വാഹനം തിരഞ്ഞെടുക്കുന്നതാണ് സെക്കന്റ് വിപണിയില്‍ ഉത്തമം.
ഒരു സെക്കന്റ് ഹാന്‍ഡ് കാര്‍ വില്പന കേന്ദ്രത്തില്‍ നേരിട്ടുചെന്നു കാര്‍ അന്വേഷിക്കുന്നതിന് മുന്‍പ്, ഇന്റര്‍നെറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതാണ് നല്ലത്. സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന വെബ്‌സൈറ്റുകളും പല വാഹന നിര്‍മാതാക്കളുടെ സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകളിലും ധാരാളം വിവരങ്ങള്‍ ലഭ്യമാണ്.
വാഹനത്തിന്റെ കാലപ്പഴക്കം, ഇതുവരെ എത്ര ഉടമകള്‍ വാഹനത്തിനുണ്ട്, ഇതുവരെ ഓടിയ ദൂരം, എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍ എന്തെങ്കിലുമുണ്ടോ, ഏകദേശ വില എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ കൃത്യമായി ലഭിക്കും. സെക്കന്റ് ഹാന്‍ഡ് കാര്‍ വില്പന കേന്ദ്രത്തില്‍ നേരിട്ടുചെന്നു അന്വേഷിക്കുമ്പോള്‍ ഇത്തരം അടിസ്ഥാന വിവരങ്ങള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ സഹായിക്കും.
നിങ്ങളാണ് പണം മുടക്കുന്നത്. അതിനാല്‍ സമയമെടുത്തു വാഹനവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ചോദിച്ചറിയുക. സംശയം തോന്നുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തിയതിനു ശേഷം മാത്രം മുന്നോട്ട് പോവുക. ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ യാതൊരു സങ്കോചവും വേണ്ട. നിങ്ങള്‍ക് ഉത്തരം നല്‍കേണ്ടത് ഷോറൂം മാനേജരുടെ ജോലിയാണ്.
ഒരു വാഹനത്തെ സംബന്ധിച്ച് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, റെജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ പ്രധാനമാണ്. നിങ്ങള്‍ക് ഷോറൂം മാനേജര്‍ നല്‍കുന്ന കടലാസിലെ നമ്പറുകളും വാഹനത്തിലെ നമ്പറുകളും ഒന്ന് തന്നെയല്ലേ എന്ന് ഉറപ്പിക്കുക. പരസ്യത്തില്‍ വാഹനവുമായി ബന്ധപ്പെട്ട ചേര്‍ത്തിരിക്കുന്ന വിവരങ്ങളും, എക്‌സ്ട്രാ ഫിറ്റിങ്ങുകളും യഥാര്‍ത്ഥത്തില്‍ വാഹനത്തിലുണ്ടെന്നു ഉറപ്പു വരുത്തുക.
നിങ്ങള്‍ക്ക് പരിചയവും വിശ്വാസവമുള്ള ഒരു കാര്‍ മെക്കാനിക്കുണ്ടെങ്കില്‍ ആ വ്യക്തിയെ കൂടെ കൂട്ടുന്നത് നല്ലതാണ്. ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന സമയത്തു നിങ്ങള്‍ ശ്രദ്ദിക്കാത്ത പല കാര്യങ്ങള്‍ ഒരു മെക്കാനിക് ശ്രദ്ധിക്കും.
സാധാരണ ഗതിയില്‍ വില്‍ക്കുന്നയാള്‍ക്ക് വന്‍ ലാഭം ലഭിക്കുന്ന രീതിയിലാകും ആദ്യം വില പറയുക. എങ്കിലും, അല്പം വില കുറക്കാന്‍ അവരെപ്പോഴും തയ്യാറാകും. അതിനാല്‍, ചര്‍ച്ച ചെയ്തു രണ്ടു കൂട്ടര്‍ക്കും അംഗീകരിക്കാവുന്ന തുകക്ക് മാത്രം വാഹനം വാങ്ങുക.
വാഹനം പരിശോധിക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് എല്ലാ രേഖകളും കൃത്യമാണോ എന്ന് ഒത്തു നോക്കുന്നത്. വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് കടലാസുകള്‍, ആദ്യം വാഹനം വാങ്ങിയതിന്റെ ബില്‍ രേഖകള്‍, റോഡ് ടാക്സ് അടച്ചതിന്റെ രസീത്, പുക സര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്യമാണോ എന്ന് പരിശോധിക്കണം. വായ്പ കാലാവധിയിലുള്ള വാഹനമാണെങ്കില്‍ ഫോം 35-ഉം ബാങ്കില്‍ നിന്നുള്ള NOC-യും ഉടമസ്ഥാവകാശം മാറ്റാനായി ആവശ്യം വരും. മേല്പറഞ്ഞ രേഖകളുണ്ടെന്നു ഉറപ്പു വരുത്തി മാത്രം വാഹനം വാങ്ങിക്കുക.