ഇന്ത്യയിലെ ഏറ്റവും വിലകൂടിയതും, വിലകുറഞ്ഞതുമായ കാറുകൾ ഏതൊക്കെ ?

ലോകത്തിലെ ഏറ്റവും വലിയ അഞ്ച് വാഹന വിപണികളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ തന്നെ യൂറോപ്യൻ ബ്രാൻഡുകളിൽ നിന്നുള്ള ജാപ്പനീസ്, അമേരിക്കൻ, കൊറിയൻ വാഹനങ്ങൾ ഇവിടെ നിങ്ങൾക്ക് വളരെ സൗകര്യപ്രദമായി ലഭിക്കും. ഒരു ആഡംബര കാർ മുതൽ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ വരെ ഈ വിപണിയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറും, വില കുറഞ്ഞ കാറും ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ ഏത് ?

ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളിലൊന്നാണ് റോൾസ് റോയ്‌സ്. ഓരോ കാറും അതിന്റെ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏറ്റവും ചെറിയ വിശദാംശങ്ങളിൽ പോലും അവർ ശ്രദ്ധ ചെലുത്തുന്നു. സീറ്റ് മുതൽ ഡാഷ്‌ബോർഡ് വരെ കസ്‌റ്റമൈസ് ചെയ്യാമെന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറും റോൾസ് റോയ്‌സിന്റെ ഫാന്റം സീരീസിൽ വരുന്നതാണ്. 6.8 ലിറ്ററിന്റെ പെട്രോൾ എഞ്ചിനാണ് ഈ കാറിന്റെ പ്രത്യേകത. 

ഈ സെഡാൻ 563 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ അതിന്റെ ഏറ്റവും ഉയർന്ന ടോർക്ക് 900 Nm ആണ്. 8 സ്‌പീഡ് ഗിയർബോക്‌സുമായി വരുന്ന ഈ കാറിന്റെ മൈലേജ് ലിറ്ററിന് 9.8 കിലോമീറ്റർ മാത്രമാണ്. 8.99 കോടി രൂപ മുതൽ 10.48 കോടി രൂപ വരെയാണ് റോൾസ് റോയ്‌സ് ഫാന്റമിന്റെ വില. ഇതിലും വിലയേറിയ കാറുകൾ രാജ്യത്ത് നിലവിലുണ്ട്, എന്നാൽ അവ പ്രത്യേക ആവശ്യം അനുസരിച്ച് നിർമ്മിച്ചവയോ, ഇറക്കുമതി ചെയ്‌തവയോ ആണ് എന്നതാണ് പ്രത്യേക. 

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാർ ?

ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ നാനോ പുറത്തിറക്കിയപ്പോൾ അത് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറുകളിലൊന്നായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാർ മാരുതി ആൾട്ടോയാണ്. ഡാറ്റ്സൺ റെഡി-ഗോ മുൻപ് ഇതിലും വില കുറവിൽ ലഭ്യമായിരുന്നെങ്കിലും നിലവിൽ ഇത് ഇന്ത്യയിൽ നിർമിക്കുന്നില്ല. 

മാരുതി ആൾട്ടോയുടെ വില ആരംഭിക്കുന്നത് 3.39 ലക്ഷം രൂപ മുതലാണ്. 796 സിസി പെട്രോൾ എൻജിനാണ് ഈ കാറിനുള്ളത്. ഇത് പരമാവധി 35.3kW കരുത്തും 69 Nm torque ഉം പ്രദാനം ചെയ്യുന്നു. മാരുതി ആൾട്ടോ വിലയിൽ കുറവാണെങ്കിലും രാജ്യത്തെ ഏറ്റവും ഉയർന്ന മൈലേജ് നൽകുന്ന കാറുകളിലൊന്നാണിത്. 22.05 കിലോമീറ്ററാണ് ഇതിന്റെ മൈലേജ്.

You might also like