കാറു വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…
കാറു വാങ്ങുക എന്നത് ഒരു താല്‍ക്കാലിക ആവശ്യത്തിനല്ല. അതുകൊണ്ടുതന്നെ അനുയോജ്യമായ കാര്‍, മികച്ച തിരഞ്ഞെടുപ്പ് എന്നത് വളരെ പ്രധാനമാണ്. വ്യത്യസ്ത സൗകര്യങ്ങളും സവിശേഷതകളുമുള്ള നിരവധി കാറുകളുണ്ട്. കാറുകളുടെ വിലയും ഇതിനെയൊക്കെ ആശ്രയിച്ച് കൂടുകയും കുറയുകയും ചെയ്യും. ദീര്‍ഘകാലത്തേക്ക് മുന്‍കൂട്ടി കണ്ടു കൊണ്ട് വേണം പുതിയതായി വാങ്ങുന്ന കാറിന്റെ സവിശേഷതകള്‍ തീരുമാനിക്കാന്‍. കാര്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…
കാറില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഏറ്റവും പ്രധാനമാണ് പൂര്‍ണ നിയന്ത്രത്തിലുള്ള സ്റ്റിയറിങ്. കാറിന്റെ വേഗത, ചലനത്തിന്റെ സ്ഥിരത എന്നിവയെല്ലാം സ്റ്റിയറിങ് നിയന്ത്രണത്തെ ആശ്രയിച്ചിരിക്കും. സ്റ്റിയറിങ് നിയന്ത്രണമുണ്ടെങ്കില്‍ മാത്രമേ ഡ്രൈവിങ്ങില്‍ കൃത്യതയും സ്ഥിരതയും ഉറപ്പാക്കാന്‍ സാധിക്കൂ.
ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ തന്നെ വിന്‍ഡ്ഷീല്‍ഡുകളും ഹെഡ്ലൈറ്റുകളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. അവ ഡ്രൈവറുടെ കാഴ്ച മറക്കുന്നില്ലെന്നും ഉറപ്പാക്കണം.
കാറിനു നല്ല ബ്രേക്ക് സിസ്റ്റം ഉണ്ടായിരിക്കണം. ചെറിയ അപകടങ്ങളോ ഇടിയുടെ ആഘാതമോ താങ്ങാന്‍ കാറിന് കഴിവുണ്ടെന്നും ഉറപ്പാക്കുക. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകരുത്.
ബില്‍ട് ഇന്‍ നാവിഗേഷന്‍ ഉറപ്പാക്കുക. അത്ര പരിചിതമല്ലാത്ത വഴികളില്‍ കൂടിയുള്ള യാത്രയില്‍ നാവിഗേറ്റര്‍ ഏറെ സഹായകമാണ്. വഴി കാണിച്ച് തരുന്നതിലുപരി നിങ്ങളും നിങ്ങളുടെ കാറും പൂര്‍ണ നിരീക്ഷണത്തിലാണെന്ന ഉറപ്പും നാവിഗേറ്റര്‍ നല്‍കും.
അപകടങ്ങള്‍ ഉണ്ടായാല്‍ അത് യാത്ര ചെയ്യുന്നവരെ പെട്ടന്ന് ബാധിക്കാത്ത തരത്തിലുള്ള ഉറപ്പുള്ള പുറം ചട്ടയാണ് കാറിനുള്ളതെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നല്ല ബലമുള്ള ഓട്ടോ ഗ്രേഡ് സ്റ്റീല്‍ കൊണ്ടുള്ള പുറം ചട്ടയും ഗുണമേന്മയുള്ള പാനലുകളുമുള്ള കാര്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.
പൊടി നിങ്ങളുടെ കാറിനെ വൃത്തികേടാക്കുന്നതിന് പുറമേ അതില്‍ യാത്ര ചെയ്യുന്നവര്‍ക്കു ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനും ഇത് ഇടയാക്കും. ഡ്യുവല്‍ സീലിങ് സംവിധാനമുള്ള കാറുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഓഫ് റോഡ് യാത്രകള്‍ക്കും ഡെസേര്‍ട്ട് സവാരികള്‍ക്കും ഡ്യുവല്‍ സീലിങ് കാറുകളാണ് ഉത്തമം.
എല്ലാത്തിനും പുറമേ ആഢംബരത്തിനും അമിതസൗകര്യങ്ങളേക്കാള്‍ പ്രധാനം സുരക്ഷിതത്വത്തിനാണെന്നു തിരിച്ചറിയുക. നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായത് തിരഞ്ഞെടുക്കുക.