
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു.
ബോറിസ് ജോണ്‍സണ്‍ രാജിവച്ചതിനെതുടര്‍ന്ന് അധികാരത്തിലെത്തുകയും 44 ദിവസങ്ങള്‍ക്കുശേഷം രാജിവയ്ക്കുകയും ചെയ്ത ലിസ് ട്രസ് തന്റെ അവസാന ക്യാബിനറ്റ് യോഗത്തില്‍ ഇന്ന് പങ്കെടുക്കും. തുടര്‍ന്ന്, 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് വിടവാങ്ങല്‍ പ്രസംഗം നടത്തും. ശേഷം, ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കാണും.
ട്രസ് കൊട്ടാരം വിട്ട ശേഷം, ഋഷി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തും. ഋഷിയെ പുതിയ പ്രധാനമന്ത്രിയായി രാജാവ് ഔദ്യോഗികമായി നിയമിക്കും. യുകെയിലെ ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം 4 മണിക്ക് നമ്പര്‍ 10 ന് പുറത്ത് തന്റെ ആദ്യത്തെ ഔദ്യോഗിക പ്രസംഗം നടത്തും. ഭാര്യ അക്ഷയ മൂര്‍ത്തിയും അവരുടെ രണ്ട് പെണ്‍മക്കളായ അനൗഷ്‌കയും കൃഷ്ണയും അദ്ദേഹത്തോടൊപ്പം ചടങ്ങില്‍ പങ്കെടുക്കും.
സുനക് പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുമ്പോള്‍, സുരക്ഷാ കോഡുകളുടെ കാര്യം രഹസ്യമാക്കും. മന്ത്രിസഭയുടെ പ്രധാന സ്ഥാനങ്ങള്‍ തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതാണ് സുനകിന് മുന്നിലെ ഇനിയുള്ള കടമ്പ. 42 വയസ്സിന്റെ യുവത്വവുമായാണ് ബ്രിട്ടന്റെ നേതൃത്വത്തിലേക്ക് സുനക് എത്തുന്നത്. 200 വര്‍ഷത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ഒക്ടോബര്‍ 31 ന് മിനി ബജറ്റ് പ്രസ്താവന പുറത്തിറങ്ങും.
2015ലാണ് റിഷി സുനക് ആദ്യമായി എംപിയായത്. യോര്‍ക്ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികളിലൂടെ സുനക് പെട്ടെന്ന് ഉയര്‍ന്നു. ‘ബ്രെക്‌സിറ്റ്’ എന്ന ആഹ്വാനത്തെ പിന്തുണച്ചു. ബോറിസ് ജോണ്‍സന്റെ ‘യൂറോപ്യന്‍ യൂണിയന്‍ വിടുക’ പ്രചാരണ വേളയില്‍ അദ്ദേഹത്തെ പിന്തുണച്ചവരില്‍ ഒരാളായിരുന്നു ഋഷി.
തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തന്റെ ആദ്യ പ്രസംഗത്തില്‍, രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് തന്റെ മുന്‍ഗണനയെന്ന് ഋഷി സുനക് പറഞ്ഞിരുന്നു. തനിക്ക് ലഭിച്ചിരിക്കുന്ന പദവിയിലും നേട്ടത്തിലും എന്നും രാജ്യത്തോട് കടപ്പെട്ടിരിക്കും എന്നും അദ്ദേഹം പറഞ്ഞു.