ഫാമിലി എന്റർടെയ്‌നറുമായി ധോണി എന്റർടൈൻമെന്റ് തമിഴിലേക്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ  പേര് സിനിമാ ലോകവുമായി ബന്ധപ്പെട്ട നിരവധി തവണ ചർച്ചകൾക്ക് ഇടയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ സിനിമാ ലോകത്തെ നടിമാരുമായി ബന്ധപ്പെട്ടാണ് ധോണിയുടെ പേര് കേട്ടിരുന്നതെങ്കിൽ, വിരമിച്ചതിന് ശേഷം ധോണി അഭിനയ രംഗത്തേക്ക് കടക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഉയർന്ന് കേട്ടത്. എന്നിരുന്നാലും, ഈ റിപ്പോർട്ടുകളിൽ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ പുതിയൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അതനുസരിച്ച് പുതിയൊരു ഇന്നിംഗ്‌സിന് ഒരുങ്ങുകയാണ് ധോണി. 2019ൽ ഭാര്യ സാക്ഷിക്കൊപ്പം ധോണി എന്റർടെയ്ൻമെന്റ് എന്ന പേരിൽ തന്റെ പ്രൊഡക്ഷൻ ഹൗസ് താരം ആരംഭിച്ചിരുന്നു. തന്റെ കമ്പനിയെ വലിയ തലത്തിലേക്ക് ഉയർത്തികൊണ്ടുവരാനായുള്ള ഒരുക്കത്തിലാണ് താരം എന്നാണ് റിപ്പോർട്ടുകൾ.

ധോണി എന്റർടൈൻമെന്റ് തമിഴ് സിനിമയിലേക്ക് പ്രവേശിക്കുന്നതായാണ് റിപ്പോർട്ട്. ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കും ഇത്, സാക്ഷി സിംഗ് ധോണിയാണ് ആശയം എഴുതിയിരിക്കുന്നത്. നവയുഗ ഗ്രാഫിക് നോവലായ അഥർവ – ദി ഒറിജിൻ രചിച്ച രമേഷ് തമിൾമണിയാണ് ഇത് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കും.

“സാക്ഷി എഴുതിയ കൺസെപ്റ്റ് വായിച്ച നിമിഷം മുതൽ എനിക്കറിയാമായിരുന്നു അതിന് പ്രത്യേകതയുണ്ടെന്ന്. പുതുമയുള്ള ആശയവും ഒരു ഫൺ ഫാമിലി എന്റർടെയ്‌നർ ആകാനുള്ള എല്ലാ സാധ്യതകളും ആ കൺസപ്റ്റിന് ഉണ്ടായിരുന്നു…” തമിൾമണി പറഞ്ഞു.

തമിഴിന് ​​പുറമെ, സയൻസ് ഫിക്ഷൻ, ക്രൈം ഡ്രാമ, കോമഡി, സസ്പെൻസ് ത്രില്ലർ എന്നിവ നിർമ്മിക്കുന്നതിനായി ഒന്നിലധികം ചലച്ചിത്ര നിർമ്മാതാക്കളുമായും തിരക്കഥാകൃത്തുക്കളുമായും ധോണി എന്റർടൈൻമെന്റ് ചർച്ചകൾ നടത്തിവരുന്നു.

You might also like