എന്തുകൊണ്ട് ഭക്ഷണം ചവച്ചരച്ചു കഴിക്കണം? അറിയാം
ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. നമ്മളിൽ പലരും ഫോൺ നോക്കിയും ടിവി കണ്ടും വായിച്ചു കൊണ്ടുമൊക്കെയാവും പലപ്പോഴും ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു വേണം കഴിക്കാൻ. ഇത് ഭക്ഷണത്തിലെ പോഷകങ്ങളെല്ലാം ശരീരം ആഗിരണം ചെയ്യാൻ സഹായിക്കും. ഭക്ഷണം കഴിക്കുന്ന കാര്യത്തിനു പലരും ഒരു പ്രാധാന്യവും നല്‍കില്ല. വയറു നിറയ്ക്കാൻ തിടുക്കത്തിൽ ഭക്ഷണം ശരിക്ക് ചവയ്ക്കാതെ വിഴുങ്ങുകയാവും പതിവ്. ഇങ്ങനെ വിഴുങ്ങുമ്പോൾ ഭക്ഷണത്തിന്റെ രുചി ഒന്നും മനസ്സിലാവില്ല. എന്നാൽ ഭക്ഷണം സാവധാനത്തിൽ ചവച്ചരച്ചു കഴിച്ചാൽ അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഭക്ഷണം ചവയ്ക്കാം
വായിലാണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോൾ പല്ല് അതിനെ അരച്ച് ചെറിയ ഭാഗങ്ങളാക്കുന്നു. ഇതു മൂലം അന്നജത്തെ ഷുഗർ ആക്കി വിഘടിപ്പിക്കാൻ എൻസൈമുകൾക്ക് എളുപ്പമാകുന്നു. ഇതു ഭക്ഷണം വേഗം ദഹിക്കാനും സഹായകമാണ്.
ദഹനപ്രശ്നങ്ങൾ
വളരെ വേഗത്തിൽ ഭക്ഷണം ചവച്ചാൽ വയറിനു കനം, വായുകോപം, അസ്വസ്ഥത ഇവ ഉണ്ടാകും. ഭക്ഷണം സാവധാനത്തിൽ ചവച്ചരച്ചു കഴിച്ചാൽ ഭക്ഷണം ചെറിയ ഭാഗങ്ങളായി വിഘടിക്കുകയും ഇത് വളരെവേഗം ദഹനത്തിനു സഹായിക്കുകയും ചെയ്യും. അസ്വസ്ഥത ഒന്നും നമുക്ക് തോന്നുകയില്ല.
ഉദരവും തലച്ചോറും തമ്മിൽ
ഭക്ഷണം ചവയ്ക്കാൻ തുടങ്ങുമ്പോൾ തലച്ചോറ് ഉദരത്തിലേക്ക് സിഗ്നലുകളെ അയയ്ക്കുന്നു. ദഹനത്തിനു സഹായിക്കുന്ന ഡൈജസ്റ്റീവ് ജ്യൂസുകളെ പുറന്തള്ളാൻ തലച്ചോറ് നിർദേശം നൽകുകയും ഇത് ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നു. വളരെ വേഗത്തിൽ ഭക്ഷണം ചവയ്ക്കുമ്പോൾ തലച്ചോറിന് വയർ നിറഞ്ഞു എന്ന കാര്യം മനസ്സിലാക്കാനുള്ള സമയം ലഭിക്കാതെ പോവുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരഭാരം കൂടുന്നതിലേക്കും നയിക്കുകയും ചെയ്യും. എന്നാൽ വളരെ സാവധാനത്തിൽ ഭക്ഷണം ചവച്ചരച്ചു കഴിച്ചാൽ നമ്മുടെ വയർ നിറഞ്ഞു എന്ന് തലച്ചോർ മനസ്സിലാക്കുകയും ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കുകയും െചയ്യും.
കാലറിയുടെ അളവ്
ഭക്ഷണം സാവധാനത്തിൽ ചവച്ചു കഴിച്ചാല്‍ കാലറിയും കുറച്ചുമാത്രമേ ശരീരത്തിൽ ചെല്ലുകയുള്ളൂ. ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. കാലറി അകത്താക്കുന്നത് ക്രമേണ കുറയുമ്പോൾ ശരീരഭാരം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സഹായകം ആകും. ഭക്ഷണം സാവധാനത്തിൽ കഴിക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന ശീലം ആരോഗ്യകരമാകുന്നതോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളെക്കുറിച്ചും മനസ്സിലാക്കാനും സാധിക്കുന്നു.