ഇതാണ് അനുഷ്ക ശര്‍മയുടെ സൗന്ദര്യരഹസ്യം; ആര്‍ക്കും എളുപ്പത്തിൽ തയ്യാറാക്കാം

മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്ക് കടന്നുവരുന്ന ആളുകളുടെ എണ്ണം കൂടിവരുന്നുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങള്‍ക്കും പകരമായി, പോഷകസമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണവിഭവങ്ങള്‍ സസ്യങ്ങളില്‍ നിന്നും ലഭിക്കും. അത്തരത്തില്‍ ഈയിടെ ഏറെ പ്രചാരം ലഭിച്ച ഒന്നാണ് ബദാം പാൽ അഥവാ ആല്‍മണ്ട് മില്‍ക്ക്. മുമ്പ് ഒരു ടിവി ഷോയില്‍, ബോളിവുഡ് നടി അനുഷ്ക ശര്‍മ ആല്‍മണ്ട് മില്‍ക്ക് ഉണ്ടാക്കുന്ന വിധം പറഞ്ഞിരുന്നു.

അവശ്യ പോഷകങ്ങൾ നൽകുന്നത് മുതൽ ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ് ബദാം പാല്‍. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർക്കും പാല്‍ ഉല്‍പ്പന്നങ്ങളോട് അലർജിയുള്ളവർക്കും വളരെ അനുയോജ്യമായ ഒരു ഓപ്ഷനാണ് ഇത്. ഇതില്‍ അടങ്ങിയ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്. ഇവ കൊളസ്ട്രോളിന്‍റെ അളവു നിയന്ത്രിക്കുകയും, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബദാം പാലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും അകാല വാർദ്ധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും സൗന്ദര്യം നിലനിര്‍ത്തുകയും ചെയ്യും. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാല്‍ പ്രമേഹമുള്ളവർക്കും ഇത് ഉപയോഗിക്കാം എന്നൊരു മെച്ചവുമുണ്ട്. കൂടാതെ, വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.

ബദാം പാല്‍ വിപണിയില്‍ വളരെ എളുപ്പത്തില്‍ ലഭിക്കും. എന്നാല്‍ ഇത് ആര്‍ക്കും വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാം. ആല്‍മണ്ട് മില്‍ക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

അനുഷ്‌ക ശർമ്മയുടെ ഈസി ബദാം മിൽക്ക് റെസിപ്പി

  • ആവശ്യത്തിന് ബദാം എടുത്ത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം, രാവിലെ തൊലി കളഞ്ഞെടുക്കുക.
  • ഇതിലേക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ച് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക
  • ഒരു അരിപ്പ എടുത്ത് ഇത് നന്നായി അരിച്ചെടുക്കുക. ബദാം മില്‍ക്ക് റെഡി.
  • ആവശ്യമെങ്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇത് കുടിക്കാം

ഈ ബദാം മില്‍ക്ക് ഉപയോഗിച്ച് ചായ, കാപ്പി എന്നിവ ഉണ്ടാക്കാം. സ്മൂത്തി, ഐസ്ക്രീം, സൂപ്പ്, കേക്ക് മുതലായവ ഉണ്ടാക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.

You might also like