ആകാംക്ഷയിൽ ആരാധകർ:ബോർഡർ 2 റിലീസിനൊപ്പം ധുരന്ദർ 2 ടീസറും എത്തുന്നു, റിപ്പോർട്ട്

ധുരന്ദറിന്റെ രണ്ടാം ഭാഗത്തിന്റെ റീലീസ് മാർച്ച് 19 നാണ്, സിനിമയുടെ ടീസർ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോഴും തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇതിനോടകം തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

രണ്ടാം ഭാഗത്തിൽ കഥ എങ്ങനെ വികസിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബോർഡർ 2 നൊപ്പം ധുരന്ധർ 2 ന്റെ ടീസർ പുറത്തിറങ്ങുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത ആരാധകരെ ആകാംക്ഷയിൽ ആഴ്ത്തിയിരിക്കുകയാണ്. ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, ജാക്കി ഷ്‌റോഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഹിറ്റ് സിനിമയാണ് ബോർഡർ. 1997 ൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ്. സിനിമയുടെ രണ്ടാം ഭാഗം ജനുവരി 23 ന് തിയേറ്ററുകളിൽ എത്തും. ഈ സിനിമയ്ക്ക് ഒപ്പമാണ് ധുരന്ദർ ടീസർ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

You might also like