പുഷ്പ 2ല്‍ അര്‍ജുന്‍ കപൂര്‍? വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ ദ റൂള്‍. അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷപ ദ റൈസ് ന്റെ രണ്ടാം ഭാഗമാണ് പുഷ്പ ദി റൂള്‍. പുഷ്പയുടെ ആദ്യ ഭാഗത്തിലൂടെ ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായിരുന്നു അല്ലു അര്‍ജുന്‍ നേടിയത്.

 

ചിത്രത്തില്‍, അല്ലു അര്‍ജുന്‍ പുഷ്പ രാജ് ആയി അഭിനയിച്ചപ്പോള്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്. ഫഹദ് ഫാസില്‍, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ മൂന്ന് ഭാഗങ്ങളായാണ് ഒരുക്കുന്നത്. 

ഇപ്പോള്‍ ഇതാ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുറച്ചു നാളുകളായി അര്‍ജുന്‍ കപൂറിന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു.പുഷ്പ 2വില്‍ പോലീസ് വേഷത്തിലാണ് അദ്ദേഹം എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. 

അല്ലു അര്‍ജുന് പകരം അര്‍ജുന്‍ കപൂര്‍ എത്തുമെന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ നവീന്‍ യെര്‍നേനി. ചിത്രത്തില്‍ അര്‍ജുന്‍ കപൂറിനെ കാസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനം ആരംഭിക്കുമെന്ന് നവീന്‍ യെര്‍നേനി പറഞ്ഞു.ചിത്രത്തിന്റെ ആദ്യഭാഗം ഹൈദരാബാദില്‍ ചിത്രീകരിക്കും.

ഫഹദ് ഫാസിലും പുഷ്പ 2വിന്റെ ഭാഗമാണ്.അര്‍ജുന്‍ കപൂറിനൊപ്പം മലൈക അറോറയ്ക്കും ചിത്രത്തില്‍ ഐറ്റം നമ്പര്‍ ഉണ്ടാകുമെന്നും അഭ്യൂഹമുണ്ടായിരുന്നു.എന്നാല്‍ മലൈകയ്ക്ക് പകരം കാജല്‍ അഗര്‍വാളിനെ സിനിമയില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. 

അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും ഗംഭീര പ്രകടനം കാഴ്ചവെച്ചതോടെ പുഷ്പയുടെ ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ കത്തിക്കയറിയിരുന്നു. ആഗോളതലത്തില്‍ ചിത്രം 300 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. 

You might also like