ക്ലബ് ഫുട്‍ബോളിൽ 700 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ; യുണൈറ്റഡിന് ജയം
തന്റെ ക്ലബ് കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഫുട്‍ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഞായറാഴ്‌ച പ്രീമിയർ ലീഗിൽ എവർട്ടനെതിരെ യുണൈറ്റഡിന് വേണ്ടി വിജയ ഗോൾ നേടിയ റൊണാൾഡോ തന്റെ ക്ലബ് കരിയറിലെ ഗോളുകളുടെ എണ്ണത്തിൽ 700ൽ എത്തി നിൽകുകയാണിപ്പോൾ. പകരക്കാരനായി മൽസരത്തിൽ ഇറങ്ങിയ റൊണാൾഡോ സ്വപ്ന തുല്യമായ നേട്ടത്തിനൊപ്പം ടീമിന് നിർണായകമായ വിജയവും സമ്മാനിച്ചാണ് കളം വിട്ടത്.
മുന്നേറ്റ നിരക്കാരൻ ആൻറണി മാർഷ്യലിന് നടുവിന് പരിക്കേറ്റതിനെ തുടർന്നാണ് റൊണാൾഡോ അപ്രതീക്ഷിതമായി ഗ്രൗണ്ടിലിറങ്ങിയത്. സീസണിൽ റൊണാൾഡോ യുണൈറ്റഡിന് വേണ്ടി നേടുന്ന ആദ്യത്തെ ഗോൾ കൂടിയാണിത്. ക്ലബിന് വേണ്ടി രണ്ട് കാലഘട്ടങ്ങളിലായി ആകെ 144 ഗോളുകളാണ് അദ്ദേഹം ഇതുവരെ നേടിയത്.
യുണൈറ്റഡിന് പുറമെ സ്‌പോർട്ടിംഗ് ലിസ്ബൺ (5), റയൽ മാഡ്രിഡ് (450), യുവന്റസ് (101) എന്നിവർക്ക് വേണ്ടിയാണു റൊണാൾഡോ ബാക്കി ഗോളുകൾ നേടിയത്. നിലവിൽ അന്താരാഷ്ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തം പേരിലുള്ള താരം കൂടിയാണ് റൊണാൾഡോ. 2003ൽ പോർച്ചുഗലിന് വേണ്ടി അരങ്ങേറിയ താരം ഇതുവരെ 191 മത്സരങ്ങളിൽ നിന്നായി ആകെ 117 ഗോളുകളാണ് നേടിയിട്ടുള്ളത്.