മലയാളത്തിന്റെ ഇതിഹാസ നടൻ ;തിലകന്റെ ഓർമ്മകൾക്ക് 10 വർഷം

മലയാളത്തിന്റെ ഇതിഹാസ നടൻ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2012 സെപ്റ്റംബര്‍ 24 നായിരുന്നു, ശബ്ദഗാഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടന്‍ ലോകത്തോട് വിദ്യ പറഞ്ഞത് . 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആയിരുന്നു തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം.

പി.എസ്.കേശവന്‍-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ തിലകന്‍ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂള്‍, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണല്‍ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1973-ലാണ് തിലകന്‍ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

കാലം കടന്നുപോകുമ്പോഴും മലയാള സിനിമയുടെ ആ ‘തിലക’ക്കുറി ഓര്‍മ്മകളുടെ തിരശീലയില്‍ ഒളിമങ്ങാതെ ഇന്നുമുണ്ട്. സ്ഫടികത്തിലെ ചാക്കോ മാഷും, പെരുന്തച്ചനിലെ തച്ചനും , കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും, യവനികയിലെ വക്കച്ചനും, കീരിടത്തിലെ അച്യുതന്‍ നായരും, കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചില്‍ ഇന്നും തുടിക്കുന്നു.

1979 ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് – നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുന്‍പ്, അദ്ദേഹം അഭിനയിച്ച് പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

2006-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്‌കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. മുന്‍പ് ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. 1988-ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്‌കാരവും  തിലകനെ തേടി എത്തിയിരുന്നു.


 ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകന്‍ 2012 സെപ്റ്റംബര്‍ 24-ാം തീയതി പുലര്‍ച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 77 -ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം . തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് തിലകന്‍ ചെയ്തത്. അതെല്ലാം എക്കാലത്തും ഓര്‍മിക്കപെടുന്ന രീതിയില്‍ അടയാളപ്പെടുത്താന്‍ തിലകന് കഴിഞ്ഞു.
 
 

You might also like