റോഷി അഗസ്റ്റിന്റെ ‘പ്രഫഷനൽ’ പൊറോട്ടയടി; ഭക്ഷ്യമേളയില്‍ കാണികളെ അമ്പരപ്പിച്ച് മന്ത്രി

തലസ്ഥാനത്ത് മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള വേദികളിൽ ‘കേരളീയം’ പൊടിപൊടിക്കുകയാണ്. കേരളത്തിന്റെ തനതു രുചികൾ ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാൻഡഡ് ഭക്ഷ്യമേളയും ഇതിന്റെ ഭാഗമായുണ്ട്. ‘കേരള മെനു അൺലിമിറ്റഡ്’ എന്ന പേരിലാണ് കേരളത്തിന്റെ പത്തു പ്രാദേശിക വിഭവങ്ങളെ ലോകോത്തര ബ്രാൻഡായി അവതരിപ്പിച്ചിരിക്കുന്നത്. ബോളിയും പായസവും, കപ്പയും മീൻകറിയും, കരിമീൻ പൊള്ളിച്ചത്, മുളയരി പായസം, കർക്കടക കഞ്ഞി, പുട്ടും കടലയും, രാമശ്ശേരി ഇഡ്‌ഡലി, തലശ്ശേരി ദം ബിരിയാണി, വനസുന്ദരി ചിക്കൻ, പൊറോട്ടയും ബീഫും എന്നീ വിഭവങ്ങളാണ് ബ്രാൻഡ് ചെയ്യുന്നത്. രുചിപ്രേമികളുടെയെല്ലാം മനസ്സു കീഴടക്കുന്ന ഈ വിഭവങ്ങളിലൊന്നായ പൊറോട്ട ഉണ്ടാക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റ്.

മികച്ച പാചകക്കാരന്റെ കയ്യടക്കത്തോടെ മന്ത്രി പൊറോട്ടയുണ്ടാക്കുന്ന വിഡിയോ, ‘ഇതാ ഒരു മന്ത്രി പൊറോട്ട’ എന്ന അടിക്കുറിപ്പു സഹിതംമന്ത്രി എം.ബി രാജേഷാണ് പങ്കുവച്ചത്. കൂടെ ഒരു ചെറുകുറിപ്പുമുണ്ട്. ‘‘’കേരളീയം ഭക്ഷ്യമേളയിലെ ഈ സ്പെഷൽ പൊറോട്ടയടിക്ക് ആദ്യം തന്നെ ഒരു കയ്യടി. സംസ്ഥാന ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിന്റെ, പ്രഫഷനൽ ടച്ചുള്ള പൊറോട്ടയടി ആരെയും ഒന്ന് ഞെട്ടിക്കും. മന്ത്രി അടിച്ച്‌ ചുട്ടെടുത്ത പൊറോട്ടയും കിടിലനെന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. കനകക്കുന്നിലെ ഭക്ഷ്യമേളയിലാണ്‌ മന്ത്രി തന്നെ നേരിട്ട്‌ പൊറോട്ടയടിക്കാൻ ചേർന്നത്‌.’’

You might also like