പാസ്‌വേഡ് ഷെയറിംഗിന് അധികതുക ഈടാക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്
പാസ്‌വേഡുകൾ പങ്കിടുന്ന ഉപയോക്താക്കളിൽ നിന്ന് അധികതുക ഈടാക്കാൻ നെറ്റ്ഫ്ളിക്‌സ് ഒരുങ്ങുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി കമ്പനിയുടെ വരുമാനത്തിൽ വലിയ നഷ്‌ടം നേരിടുകയും, സബ്‌സ്‌ക്രിപ്‌ഷൻ എണ്ണത്തിൽ വലിയ ഇടിവിന് സാക്ഷ്യം വഹിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് നെറ്റ്ഫ്ളിക്‌സ് പുതിയ തീരുമാനം കൈക്കൊള്ളുന്നത്. ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിടുന്ന ഉപയോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുമെന്ന് കമ്പനി ചൊവ്വാഴ്‌ചയാണ് പ്രഖ്യാപിച്ചത്. 2023 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
അക്കൗണ്ട് പങ്കിടൽ തടയുന്നതിനെക്കുറിച്ച് വരുമാന റിപ്പോർട്ടിൽ കമ്പനി പരാമർശിച്ചതിങ്ങനെയാണ്, “അക്കൗണ്ട് പങ്കിടൽ സമ്പ്രദായത്തിൽ നിന്നും വരുമാനം കണ്ടെത്താനുള്ള പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. 2023ന്റെ തുടക്കത്തിൽ ഞങ്ങൾ ഇത് കൂടുതൽ വിപുലമായി അവതരിപ്പിക്കാൻ തുടങ്ങും. ഉപഭോക്തൃ ഫീഡ്‌ബാക്ക് ശ്രദ്ധിച്ചതിന് ശേഷം, ഞങ്ങൾ ചൈനയും റഷ്യയും ഒഴികെയുള്ള രാജ്യങ്ങളിൽ 5 പേർക്ക് അക്കൗണ്ട് ഉപയോഗിക്കാനാവും അനുവദിക്കുക. ഉപയോക്താക്കൾക്ക് സബ് അക്കൗണ്ടുകൾ ഉണ്ടാക്കാനുള്ള അവസരവും നൽകും”.
അതേസമയം, ഉപയോക്താക്കളുടെ പാസ്‌വേഡുകൾ പങ്കിടുന്നതിന് എത്ര തുക ഈടാക്കുമെന്ന് നെറ്റ്ഫ്ളിക്‌സ് വെളിപ്പെടുത്തിയിട്ടില്ല. വില മൂന്ന് മുതൽ നാല് ഡോളറുകൾക്ക് ഇടയിലായിരിക്കുമെന്നാണ് സൂചന. അധിക ഫീസൊന്നും നൽകാൻ ആഗ്രഹിക്കാത്ത നെറ്റ്ഫ്ളിക്‌സ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ കൈമാറാൻ സഹായിക്കുന്ന പുതിയ മൈഗ്രേഷൻ ടൂൾ ഉപയോഗിക്കാംവുന്നതാണ്.
വരുമാനം വർധിപ്പിക്കുന്നതിനായി, നെറ്റ്ഫ്ളിക്‌സ് താരതമ്യേന ഫീസ് കുറഞ്ഞ പ്ലാനുകളും കൊണ്ടുവന്നിട്ടുണ്ട്. നവംബർ 1ന് കാനഡയിലും മെക്സിക്കോയിലും കമ്പനി അതിന്റെ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കും; നവംബർ 3ന് ഓസ്‌ട്രേലിയ, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലും, സ്പെയിനിൽ നവംബർ 10നും പുതിയ ഫീസ് കുറഞ്ഞ പ്ലാനുകൾ നിലവിൽ വരും. എന്നാൽ ഇന്ത്യയിൽ ഈ പ്ലാൻ എന്ന് മുതൽ നടപ്പിലാക്കും എന്നത് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല