ടി20 ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന നാല് ടീമുകള്‍ ഏതൊക്കെയെന്ന് പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം ചാമ്പ്യന്‍മാരാകണമെന്നാണ് ആഗ്രഹമെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാകും സെമി ഫൈനലിന് യോഗ്യത നേടുകയെന്നും സച്ചിന്‍ പ്രവചിച്ചു. 

‘ഇന്ത്യ കപ്പുയര്‍ത്തണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍, ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് എന്റെ ടോപ് 4. ന്യൂസിലാന്‍ഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളാണ്. അവര്‍ക്ക് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളെ കുറിച്ച് നന്നായി അറിയാം’. സച്ചിന്‍ സ്‌പോര്‍ട്ട്‌സ്റ്റാറിനോട് പറഞ്ഞു.   

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയത്. ഒക്ടോബര്‍ 23ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. 2007ല്‍ നടന്ന പ്രഥമ ലോകകപ്പില്‍ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ ജേതാക്കളായിരുന്നു.

You might also like