ഡിസ്‌നിയിൽ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ

ട്വിറ്ററിനും മെറ്റയ്ക്കും ശേഷം, സ്ട്രീമിങ് ഭീമൻ ഡിസ്‌നിയിൽ നിയമനങ്ങൾ മരവിപ്പിക്കാനും, ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കമ്പനി സിഇഒ ബോബ് ചാപെക്കിന്റെ പേരിൽ പുറത്തുവന്ന മെമ്മോയിലാണ് ഇക്കാര്യം പറയുന്നത്. അടുത്തിടെയാണ് 11,000 ത്തോളം ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററാവട്ടെ ജീവനക്കാരുടെ എണ്ണത്തിൽ 50 ശതമാനം വെട്ടിച്ചുരുക്കുകയും ചെയ്‌തത്. വരുമാന നഷ്‌ടമാണ് ഡിസ്‌നിയെയും കടുത്ത നടപടികളിലേക്ക് കടക്കാൻ നിർബന്ധിതരാക്കുന്നത്.

“നിയമന മരവിപ്പിക്കലിലൂടെ ഞങ്ങൾ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയാണ്. ഏറ്റവും നിർണായകമായ സ്ഥാനങ്ങളിലേക്കുള്ള നിയമനം മാത്രം തുടരും, എന്നാൽ മറ്റെല്ലാ വിഭാഗങ്ങളിലും നിയമനങ്ങൾ പിടിച്ചു നിർത്താനാണ് തീരുമാനം. ഇത് നിങ്ങളുടെ ടീമുകൾക്ക് എങ്ങനെ ബാധകമാകും എന്നതിനെ കുറിച്ച് സെഗ്‌മെന്റ് ലീഡർമാർക്കും, എച്ച്ആർ ടീമുകൾക്കും കൂടുതൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്” സിഎൻബിസി പുറത്തുവിട്ട ഡിസ്‌നി സിഇഒ ബോപ് ചാപെക്കിന്റെ പേരിലുള്ള മെമ്മോയിൽ പറയുന്നു.

“ഈ മൂല്യനിർണയ പ്രക്രിയയിലൂടെ മുന്നോട്ട് പോവുമ്പോൾ കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള എല്ലാ മാർഗങ്ങളും നാം തേടും. ഇതിലൂടെ ജീവനക്കാരുടെ എണ്ണം കുറയുകയും ചെയ്യും. നിലവിൽ 190,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്” ബോബ് കൂട്ടിച്ചേർത്തു. ബിസിനസ് യാത്രകൾ പരിമിതപ്പെടുത്താനും ചാപെക് ജീവനക്കാരോട് ആവശ്യപ്പെട്ടു. അത്യാവശ്യ യാത്രകൾ മാത്രമേ പരിഗണിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി ഡിസ്‌നിയുടെ വരുമാനത്തിൽ കാര്യമായ ഇടിവാണുണ്ടായിരിക്കുന്നത്. കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞ് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ സ്ഥിതി മാനേജ്മെന്റ് സജീവമായി വിലയിരുത്തുകയാണെന്ന് കമ്പനിയുടെ സിഎഫ്ഒ ഹ്രിസ്‌റ്റിൻ മക്കാർത്തി പറഞ്ഞു.

നേരത്തെ വാർണർ ബ്രോസ്, നെറ്റ്ഫ്ലിക്‌സ് എന്നിവയുൾപ്പെടെയുള്ള സ്ട്രീമിംഗ് കമ്പനികൾ ഈ വർഷം വരുമാനത്തിൽ ഇടിവുണ്ടായതിനാൽ അവരുടെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. അതേസമയം, ജീവനക്കരുടെ എണ്ണം കുറയ്ക്കുന്നതിനുളള തീരുമാനം ഡിസ്‌നി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

You might also like