9 മിനിറ്റിനുള്ളിൽ ഫുൾ ചാർജ്!! അതിശയമായി റെഡ്‌മി 12 സീരീസ്
ഷവോമിയുടെ പുതിയ സ്‌മാർട്ട്ഫോൺ സീരീസ് റെഡ്‌മി നോട്ട് 12 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഈ ശ്രേണിയിൽ നാല് പുതിയ സ്‌മാർട്ട്‌ഫോണുകളായ റെഡ്‌മി നോട്ട് 12, റെഡ്‌മി നോട്ട് 12 എക്സ്പ്ലോറർ, റെഡ്‌മി നോട്ട് 12 പ്രോ, റെഡ്‌മി നോട്ട് 12 പ്രോ പ്ലസ് എന്നിവയാണ് അവതരിപ്പിച്ചത്. നാല് ഫോണുകളും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് വിപണി കീഴടക്കാനെത്തുന്നത്.
ആദ്യ വിൽപ്പനയിൽ തന്നെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് സീരീസ് ഉണ്ടാക്കിയെടുത്തതെന്ന് കമ്പനി വ്യക്തമാക്കി. ഫ്ലാഷ് സെയിലിൽ സീരീസിന്റെ 3.5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചത്. എന്നാൽ ഏതൊക്കെ മോഡലുകളാണ് കൂടുതൽ വിറ്റഴിഞ്ഞതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നാല് മോഡലുകളും ചേർത്താണ് 3.5 ലക്ഷം യൂണിറ്റുകൾ വിറ്റത്.
9 മിനിറ്റുകൾ കൊണ്ട് ഫുൾ ചാർജ്!!
ഈ ശ്രേണിയിൽ, 200MP ക്യാമറ മുതൽ 210W ചാർജിംഗ് വരെയുള്ള സവിശേഷതകൾ കമ്പനി നൽകിയിട്ടുണ്ട്. നോട്ട് 12 സീരീസിലെ എല്ലാ ഫോണുകളും ആകർഷകമായ വിലകളും ഫീച്ചറുകളുമായാണ് വരുന്നതെങ്കിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന രണ്ട് മോഡലുകളാണ് ഉള്ളത്. ഇതിൽ ഒരു റെഡ്‌മി നോട്ട് 12 എക്സ്പ്ലോറർ എഡിഷനിൽ ഉപയോക്താക്കൾക്ക് 210W ചാർജിംഗ് ലഭിക്കും.
ഈ ഫോൺ പൂർണമായി ചാർജ് ചെയ്യാൻ 9 മിനിറ്റ് മാത്രമേ എടുക്കൂ. 5 മിനിറ്റിനുള്ളിൽ ഹാൻഡ്‌സെറ്റ് 66 ശതമാനം ചാർജ് ചെയ്യുന്നു. 4300എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഡൈമെൻസിറ്റി 1080 പ്രൊസസറും 50 എംപി മെയിൻ ലെൻസും ഉള്ള ട്രിപ്പിൾ റിയർ ക്യാമറയോടെയുമാണ് സ്‌മാർട്ട്‌ഫോൺ എത്തുന്നത്.