‘മോണ്‍സ്റ്റ’റിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന് ശേഷം വൈശാഖ്-മോഹന്‍ലാല്‍ കോംബോയുടെ ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഒക്ടോബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുക. 

മോണ്‍സ്റ്ററിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഒട്ടേറെ സവിശേഷതകളുള്ള ചിത്രമാണിതെന്നും ഒരുപാട് സര്‍പ്രൈസ് എലമെന്റുകളുള്ള ചിത്രത്തിന്റെ പ്രധാന സവിശേത പ്രമേയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരമൊരു പ്രമേയം മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. തിരക്കഥ തന്നെയാണ് താരം, തിരക്കഥ തന്നെയാണ് നായകന്‍, തിരക്കഥ തന്നെയാണ് വില്ലന്‍. വളരെ അപൂര്‍വമായാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുതെന്നും താന്‍ ഏറെ സന്തോഷവാനാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി. 

അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആശീര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. 

ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പുകളില്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിദ്ധിഖ്, ലെന, സാധിക വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

You might also like