ദുരന്തമാവാത്ത മൊഴിമാറ്റ പ്രണയഗാനപ്പെരുമഴ ഒരിക്കല്‍കൂടി നനയാം…

മൊഴിമാറ്റ ചിത്രങ്ങള്‍ മലയാളത്തിലിറങ്ങുന്നത് സാധാരണമായ കാര്യമാണ്. പല മലയാള സിനിമകള്‍ക്കും സ്വപ്‌നം കാണാന്‍ പോലും കിട്ടാത്ത സ്വീകാര്യത ഇത്തരത്തിലുള്ള പല സിനിമകളും നേടിയെടുത്തിട്ടുമുണ്ട്. എന്നാല്‍ അതിലെ ഒട്ടുമിക്ക ഗാനങ്ങളും കേട്ട് മലയാളികള്‍ നെറ്റി ചുളിച്ചിട്ടുമുണ്ട്. സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍ സിദ്ദിക്ക് പറയും പോലെ ‘വയലാര്‍ എഴുതുമോ ഇതുപോലെ?’ എന്ന് കളിയാക്കിയിട്ടുമുണ്ട്.

എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരുപിടി റൊമാന്റിക് ഗാനങ്ങളും അന്യഭാഷാ ചിത്രങ്ങളുടെ മൊഴിമാറ്റം നമുക്കു സമ്മാനിച്ചിട്ടുണ്ട്. കേട്ടാലും മതിവരാത്ത അത്തരം ഗാനങ്ങള്‍ ഒന്നുകൂടി കേട്ടുനോക്കാം…

മധുപോലെ പെയ്ത പ്രണയമഴ

മധുപോലെ പെയ്ത മഴയെ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലെ 
നീയും ഞാനും മാറി… പ്രശസ്ത ഗായകന്‍ സിദ്ധ് ശ്രീറാം പാടി. 
വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കോമ്രേഡിലൂടെ സിദ്ധിന്റെ മാന്ത്രികശബ്ദം മലയാളത്തിലും. ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതത്തില്‍ ജോയ്‌പോള്‍ മലയാളത്തില്‍ എഴുതിയ മനോഹര ഗാനം.
ഭരത് കമ്മയാണ് ഡിയര്‍ കോമ്രേഡിന്റെ സംവിധായകന്‍.

മനസ്സിന്നു മറയില്ലാത്ത ഒരു കാലം

ഇനി കുറച്ച് പഴയകാലത്തേക്ക് പോകാം. 2007 ല്‍ പുറത്തിറങ്ങിയ ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലെ പ്രണയവും സൗഹൃദവും കൂട്ടിയിണക്കിയ ഗാനം- 
മനസ്സിന്നു മറയില്ല… 
സ്‌നേഹത്തിനതിരില്ല….
ഇനി നമ്മള്‍ പിരിയില്ല…
രാജീവ് ആലുങ്കല്‍ എഴുതി അജയ് സത്യം ആലപിച്ച ഗാനം ക്യംപസുകള്‍ ഏറ്റെടുത്തു.

അല്ലു അര്‍ജുന്‍ ഇഷ്ടം!!

മറ്റൊരു ഭാഷാ ചിത്രത്തിന് മലയാളത്തില്‍ മേല്‍കൈ നേടിക്കൊടുത്തിരുന്നത് ഒരു കാലത്ത് അല്ലു അര്‍ജുന്‍ ചിത്രങ്ങളായിരുന്നു. പൊളപ്പന്‍ ഡാന്‍സും പ്രണയത്തിനു മേലെ പ്രണയവും ചങ്കു കൂട്ടുകാരും അല്ലു അര്‍ജുന്‍ ചിത്രങ്ങളുടെ സ്ഥിരം ചേരുവയായിരുന്നെങ്കിലും മലയാളികള്‍ ഏറ്റെടുത്തു. അല്ലു അര്‍ജുന്‍ ചിത്രങ്ങളിലൂടെ ലഭിച്ച ചില സുന്ദര ഗാനങ്ങളിതാ….

ആര്യ എന്ന ചിത്രത്തിനു വേണ്ടി മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതി മധു ബാലകൃഷ്ണന്‍ ആലപിച്ച
ഏതോ പ്രിയരാഗം മൂളി ഞാന്‍
നിന്‍ സ്‌നേഹത്തിന്‍
ഈണം അതിന്‍ ശ്രുതിയായ് തീര്‍ത്തു ഞാന്‍
ജന്മം സ്വരനദിയായ് ഒഴുകുമ്പൊള്‍….. 

പ്രണയ വിരഹമൊഴുകുന്ന ഗാനമാണ് ഹാപ്പി ബി ഹാപ്പി (2007) എന്ന ചിത്രത്തിലെ അഴകേ നീ എന്നെ പിരിയല്ലേ … സിജു തുറവൂര്‍ എഴുതി ജോസ് സാഗര്‍ ആലപിച്ച ഗാനം ഓളങ്ങള്‍ സൃഷ്ടിച്ചു.

വീണ്ടും ക്യംപസ്…

ഇതു ഞങ്ങളുടെ ലോകം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച നിനക്കായ് സ്‌നേഹത്തിന്‍ മൗനജാലകം എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. വരികള്‍ ചിട്ടപ്പെടുത്തിയത് സിജു തുറവൂര്‍.

നിനക്കായ് സ്‌നേഹത്തിന്‍ മൗനജാലകം തുറന്നു ഞാന്‍
നിറങ്ങള്‍ നീരാടും കനവായിരം നെയ്തു ഞാന്‍
നെഞ്ചിലെ പൂമണിക്കൂട്ടില്‍ നന്തുണി മീട്ടും പെണ്ണേ
കൊഞ്ചി വന്നണയുമീ തെന്നലിന്‍ മുന്നിലായ് 
നാണം കുണുങ്ങുന്ന പൊന്നേ

ബാഹുബലിയെ മറക്കാനാകുമോ?
രാജമൗലി ചിത്രമായ ബാഹുബലി ഒന്നും രണ്ടും സമ്മാനിച്ചത് മനോഹരമായ ഗാനങ്ങളാണ്. 
പ്രണയത്തിന്റെ ചടുലത നിറഞ്ഞ ദൃശ്യഭംഗി വിസ്മയമാക്കിയ ഒരേ ഒരു രാജ എന്ന ഗാനം.

പ്രണയം ഭക്തിയുമായി ചേര്‍ത്തിണക്കിയ മുകില്‍ വര്‍ണ്ണാ മുകുന്ദാ…. കണ്ണാ നീ ഉറങ്ങെടാ…..

You might also like