
സൗന്ദര്യ വര്‍ദ്ധനവിന് കാടിവെള്ളം!
ജാപ്പനീസ് സ്ത്രീകളുടെ സൗന്ദര്യ രഹസ്യങ്ങളില്‍ ഒന്ന് സാക്ഷാല്‍ കാടി വെള്ളമാണത്രേ. നമ്മുടെ നാട്ടിലും പണ്ട് സ്ത്രീകള്‍ സൗന്ദര്യത്തിനായി കാടിവെള്ളവും കഞ്ഞിവെള്ളവും ഉപയോഗിച്ച് മുഖം കഴുകിയിരുന്നു. കാടി വെള്ളത്തിന് വാണിജ്യ സാധ്യത ഉണ്ടെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത!വിറ്റാമിന്‍ സി , വിറ്റാമിന്‍ എ , ഫിനോളിക് , ഫ്‌ളാവാനോയിഡ് ഘടകങ്ങള്‍ എന്നിവയാണ് റൈസ് വാട്ടറിനു സൗന്ദര്യവര്‍ധക മൂല്യം നല്‍കുന്നത്.
ജാപ്പനീസ്, കൊറിയന്‍ കമ്പനികളാണ് കാടിവെള്ളത്തിന്റെ സൗന്ദര്യവര്‍ദ്ധക ശേഷി പണമാക്കി മാറ്റുന്നത്. റൈസ് വാട്ടര്‍ ഫേഷ്യല്‍ ക്ലീന്‍സര്‍, നാച്ചുറല്‍ റൈസ് വാട്ടര്‍ ലൈറ്റ് ക്ലീന്‍സിങ് ഓയില്‍, മോയിസ്ചറൈസര്‍, സ്‌കിന്‍ ഫുഡ് റൈസ് മാസ്‌ക് തുടങ്ങി ഉത്പന്നങ്ങള്‍ നിരവധിയാണ്.
വേവിക്കാത്ത അരി കഴുകിയ വെള്ളവും, അരി വേവിച്ച കഞ്ഞിവെള്ളവും ഉപയോഗിച്ച് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ത്വക്കിന്റെ നിറം വര്‍ധിപ്പിക്കുക, മുഖക്കുരു മാറ്റുക, ത്വക്കിലെ സുഷിരങ്ങള്‍ ചുരുക്കുക, ചൊറിച്ചില്‍ അകറ്റുക, സൂര്യാഘാതത്തില്‍ നിന്നും ത്വക്കിനെ സംരക്ഷിക്കുക തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ കാടിവെള്ളത്തിനും കഞ്ഞിവെള്ളത്തിനും ഉണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.