5 വർഷത്തിനുശേഷം വിവാഹ വിഡിയോ പുറത്തുവിട്ട് ദീപികയും രൺവീറും
ആരാധകർ കാത്തിരുന്ന ആ താര വിവാഹത്തിന്റെ വിഡിയോ പുറത്തിറങ്ങി. താരജോഡികളായ ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും വിവാഹ വിഡിയോക്കായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. 2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ അഞ്ചാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ ദീപികയുടേയും രണ്‍വീറിന്റേയും വിവാഹ വിഡിയോ പുറത്തുവന്നിരിക്കുന്നു.കരണ്‍ ജോഹര്‍ അവതാരകനായുള്ള കോഫി വിത്ത് കരണ്‍ എന്ന ഷോയിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. കോഫി വിത്ത് കരണിന്റെ എട്ടാം സീസണിലെ ആദ്യ എപ്പിസോഡിലാണ് താരദമ്പതികള്‍ അതിഥികളായെത്തിയത്. സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമുള്ള യാത്രയെ കുറിച്ച് ഇരുവരും മനസ്സുതുറക്കുന്നുണ്ട്.
വിവാഹനിശ്ചയത്തിന്റേയും പഞ്ചാബി-കൊങ്കണി ആചാരപ്രകാരം നടന്ന വിവാഹത്തിന്റേയും വിവാഹ സത്കാരങ്ങളുടേയും ഹല്‍ദി, മെഹന്ദി ചടങ്ങുകളുടേയുമെല്ലാം ദൃശ്യങ്ങള്‍ വിഡിയോയിൽ കാണാം. പാര്‍ട്ടിയില്‍ ദീപികയോടുള്ള പ്രണയം വ്യക്തമാക്കുന്ന രണ്‍വീറിന്റെ വാക്കുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ദീപിക പദുക്കോണ്‍ എന്ന നടിയെ താന്‍ വിവാഹം കഴിക്കുമെന്ന് അച്ഛനോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ആ നിമിഷം വന്നെത്തിയെന്നും രണ്‍വീര്‍ പറയുന്നു.ദീപികയുടെ അച്ഛനും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണ്‍, രണ്‍വീറിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതും രസകരമായാണ്. തങ്ങള്‍ നാല് പേരടങ്ങുന്ന കുടുംബം വളരെ ബോറിങ് ആയിരുന്നുവെന്നും അവിടേക്കാണ് രണ്‍വീര്‍ വെളിച്ചവുമായി എത്തിയതെന്നും പ്രകാശ് പറയുന്നു.രണ്‍വീറിനെ പ്രണയിക്കാനുള്ള കാരണത്തെ കുറിച്ച് ദീപിക പറയുന്നതും വിഡിയോയിലുണ്ട്. ഉറക്കെ ചിരിച്ച് സംസാരിക്കുന്ന, ജീവിതം ആഘോഷമാക്കുന്ന രണ്‍വീറിനെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ശാന്തനായ, വികാരനിര്‍ഭരനായ മറ്റൊരു രണ്‍വീറുണ്ട്. ആര്‍ക്കും അത്ര പരിചിതമല്ലാത്ത ആ രണ്‍വീറിനെയാണ് താന്‍ പ്രണയിച്ചതെന്നും ദീപിക പറയുന്നു.
2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്‌ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്. രണ്ട് വര്‍ഷത്തിന്‌ശേഷം 2015-ല്‍ മാലദ്വീപില്‍വെച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.
കോമോയുടെ അതിശയകരമായ പശ്ചാത്തലത്തിൽ, ബോളിവുഡിലെ ഐക്കൺമാരായ ദീപിക പദുക്കോണും രൺവീർ സിങും തമ്മിലുള്ള സ്വപ്നസമാനമായ കൂടിച്ചേരലിന്റെ സവിശേഷമായ ബഹുമതി ദ് വെഡ്ഡിങ് ഫിലിമെറിനു ലഭിച്ചു. ഇത് അവരുടെ വിവാഹവിഡിയോ മാത്രമല്ല, മറിച്ച് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും ഒരു കഥ നെയ്തെടുക്കൽ കൂടിയാണ്. ചില കഥകൾ ഹൃദയത്തോട് വളരെ അടുത്താണ്, അവ അടുത്ത് പിടിച്ചിരിക്കുന്നു, ഒരുപക്ഷേ ഈ വിവരണം തങ്ങളുടേത് മാത്രമായിരിക്കണമെന്ന് അവർ ആഗ്രഹിച്ചിരിക്കാം. ഒരു വ്യവസായം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ 13-ാം വർഷം ആഘോഷിക്കുമ്പോൾ, ഈ വിഡിയോ റിലീസ് ചെയ്യുന്നത് ഞങ്ങളുടെ യാത്രയുടെയും വളർച്ചയുടെയും തെളിവാണ്. ‘കോഫി വിത്ത് കരൺ’ എന്ന ആദരണീയ പ്ലാറ്റ്‌ഫോമിൽ പ്രീമിയർ ചെയ്യുന്നത് വെറുമൊരു വിവാഹ വിഡിയോയലല്ല, മറിച്ച് ഞങ്ങളുടെ ചരിത്ര പാരമ്പര്യത്തിലെ ഒരു നാഴികക്കല്ലാണ്.’’