അന്യഗ്രഹജീവികൾ യാഥാർഥ്യമോ? പഠിക്കാൻ ഒരുങ്ങി നാസ

ആകാശത്ത് പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന പറക്കുന്ന അജ്ഞാത വസ്‌തുക്കൾ (UFO) മനുഷ്യരാശിക്ക് ഇപ്പോഴും പിടികിട്ടാത്ത രഹസ്യമാണ്. സോസർ ആകൃതിയിലുള്ള ഈ വസ്‌തുക്കളുടെ ദൃശ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കുവെക്കപ്പെടാറുണ്ട്. എന്നാൽ അവയുമായി ബന്ധപ്പെട്ട മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകാനോ അവയുടെ ഉറവിടത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകൾ നടത്താനോ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.

എന്നാൽ ഇപ്പോഴിതാ അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസ ഇവയുടെ രഹസ്യം തേടിയുള്ള ഗവേഷണങ്ങൾക്ക് ആരംഭം കുറിക്കുകയാണ്. പതിറ്റാണ്ടുകളായി മനുഷ്യകുലത്തെ അലട്ടുന്ന ആ മില്യൺ ഡോളർ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള നാസയുടെ പ്രയാണം ഒക്ടോബറിൽ ആരംഭിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഒൻപത് മാസത്തോളം നീളുന്ന ഈ ബൃഹത്തായ ഗവേഷണത്തിൽ 16 പേരാണ് പങ്കാളികളാവുക. 

“അജ്ഞാത ആകാശ പ്രതിഭാസങ്ങളെ (യുഎപി), ആകാശത്തിലെ തിരിച്ചറിയാൻ കഴിയാത്ത വസ്‌തുക്കളെയും പറ്റിയുള്ള ഒരു സ്വതന്ത്ര പഠന സംഘത്തിലേക്ക് ഞങ്ങൾ 16 വ്യക്തികളെ തിരഞ്ഞെടുത്തു. ഒൻപത് മാസത്തോളം നീളുന്ന ഈ പഠനം ഒക്ടോബറിൽ ആരംഭിക്കും” നാസ ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തി.

നേരത്തെ ഈ വർഷമാദ്യം യുഎസ് പ്രതിരോധ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ 20 വർഷമായി ആകാശത്തിലെ അജ്ഞാത വസ്‌തുക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി വ്യക്തമാക്കിയിരുന്നു. അര നൂറ്റാണ്ടിനിടയിൽ യുഎഫ്ഓകളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ പൊതു യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, സൈനിക നിയന്ത്രിത പരിശീലന മേഖലകളിലും, മറ്റ് നിയുക്ത വ്യോമാതിർത്തികളിലും അനധികൃതമായ ആകാശ വസ്‌തുക്കൾ വർധിച്ചു വരികയാണ്. ഇവയിൽ ഏറിയ പങ്കും ഉറവിടം അജ്ഞാതമായ പറക്കുന്ന വസ്‌തുക്കളാണ്” നേവൽ ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ സ്കോട്ട് ബ്രേ, യുഎസിലെ ഹൗസ് സെക്യൂരിറ്റി പാനലിനോട് വ്യക്തമാക്കി. 

ഈ സാഹചര്യത്തിലാണ് പഠനത്തിന് പ്രസക്തി ഏറുന്നത്. ഒരുപക്ഷേ ഈ പഠനത്തിലൂടെ ഭൂമിക്ക് പുറത്തുള്ള മറ്റൊരു ജീവയോഗ്യമായ ഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കുന്നതെങ്കിൽ, അത് ശാസ്‌ത്ര ലോകത്തിന്റെ കാലങ്ങളായുള്ള അന്വേഷണത്തിന് വലിയ മുതൽക്കൂട്ടാവും, ഒപ്പം പ്രപഞ്ചത്തിലെ ജീവ രഹസ്യങ്ങളിലേക്കുള്ള താക്കോലുമാവും ആ കണ്ടുപിടിത്തം. 

You might also like