12 വയസുകാരിയുടെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്

ഒരുപാട് സാങ്കേതിക വിദ്യകൾ പേറുന്നൊരു കേവല ഉപകരണം മാത്രമല്ല ആപ്പിൾ വാച്ച്  എന്ന് മുൻപ് പലതവണ തെളിയിക്കപ്പെട്ടതാണ്. അതിൽ മനുഷ്യ ജീവൻ രക്ഷിക്കാൻ പോലും കെൽപ്പുള്ള സാധ്യതയുണ്ടെന്ന് പലർക്കും അറിയില്ല. എന്നാൽ ഇത്തവണ ഒരു 12 വയസുകാരിയുടെ ജീവിതമാണ് ആപ്പിൾ വാച്ച് കാരണം തിരികെ കിട്ടിയത്. അസാധാരണമാംവിധം ഉയർന്ന ഹൃദയമിടിപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് 12 വയസുകാരിയുടെ കുടുംബം ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇത് ക്യാൻസർ ബാധയുടെ തുടക്കമാണെന്ന് കണ്ടത്തിയത്.

ഇമാനി മൈൽസ് എന്ന 12 വയസുകാരിക്കാണ് ആപ്പിൾ പുതുജീവൻ നൽകിയത്. കുട്ടിയുടെ ഹൃദയമിടിപ്പിലെ തകരാർ ആപ്പിൾ വാച്ച് നിരന്തരം ഓർമ്മിപ്പിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ മാതാവായ ജെസീക്ക ഇതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചത്. പെട്ടെന്ന് ഉണ്ടായ ഈ മാറ്റം ജെസീക്കയ്ക്ക് വളരെ വിചിത്രമായി തോന്നുകയായിരുന്നു.

തുടർന്ന് ഇവർ കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കുകയായിരുന്നു. എന്നാൽ അപ്പെൻഡിസൈറ്റിസ് എന്ന രോഗാവസ്ഥ കണ്ടെത്തിയ ഡോക്‌ടർമാർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷവും ഇമാനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ലാതെ വന്നതോടെയാണ് കൂടുതൽ പരിശോധന നടത്തിയത്. 

ഇതിലാണ് അപ്പെൻഡിക്‌സിൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധയുണ്ടെന്ന് കണ്ടെത്തിയത്. ക്യാൻസർ നീക്കം ചെയ്യാൻ ഇമാനിക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇമാനി ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുകയാണ്. 

കുട്ടികളിൽ വളരെ വിരളമായി മാത്രമുണ്ടാവുന്ന ഈ രോഗബാധയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകിയത് ആപ്പിൾ വാച്ച് ആണെന്ന് ഇമാനിയുടെ മാതാവ് ജെസീക്ക പറഞ്ഞു. ഇങ്ങനെയൊരു മുന്നറിയിപ്പ് വാച്ച് നൽകിയിരുന്നില്ലെങ്കിൽ താൻ മകളെ ചികിത്സക്ക് എത്തിക്കാൻ വളരെ വൈകുമായിരുന്നു എന്നുറപ്പാണ്. ഇത് ഇമാനിയുടെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നു. 

അതേസമയം, ആപ്പിൾ വാച്ചിൽ ഇസിജി, ഹൃദയമിടിപ്പ് അറിയിപ്പുകൾ, വീഴ്‌ചയും ക്രാഷ് ഡിറ്റക്‌ഷനും ഉൾപ്പെടെ നിരവധി ജീവൻരക്ഷാ ഫീച്ചറുകൾ ഉണ്ട്. സമാനമായി അടുത്തിടെ ആപ്പിൾ വാച്ചിന്റെ ഇസിജി ഹാർട്ട് സെൻസർ 57കാരനായ യുകെ പൗരന്റെ ജീവൻ രക്ഷിച്ചിരുന്നു. ആപ്പിൾ വാച്ച് നിരന്തരം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വൈദ്യപരിശോധനക്ക് വിധേയനായതോടെയാണ് തന്റെ ഹൃദയത്തെ ബാധിച്ച രോഗാവസ്ഥ ഇദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞത്. 

You might also like