ലോകസുന്ദരി മത്സരത്തില്‍ വരെ കേരളത്തിന്‍റെ പേര് എത്തിച്ച ആളാണ് പാര്‍വതി ഓമനക്കുട്ടന്‍. ചങ്ങനാശ്ശേരിയില്‍ ജനിച്ച്, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സൗന്ദര്യമത്സരങ്ങളില്‍ കിരീടം ചൂടി, ഇന്ത്യയുടെ അഭിമാനമായി. ഫെമിന മിസ് ഇന്ത്യ വേൾഡ് 2008 കിരീടമണിഞ്ഞ പാര്‍വതി, മിസ് വേൾഡ് 2008 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് 2008 ഫസ്റ്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മത്സരത്തിൽ മിസ് വേൾഡ് ഏഷ്യ, ഓഷ്യാനിയ പട്ടങ്ങളും നേടി. 2000 ലെ മിസ് വേൾഡിൽ പ്രിയങ്ക ചോപ്രയുടെ വിജയത്തിന് ശേഷം, 2017 ല്‍ മാനുഷി ചില്ലർ ലോകസുന്ദരി പട്ടം നേടുന്നതിനിടയിലുള്ള കാലത്ത് ആ വേദിയിൽ ഒരിന്ത്യക്കാരി നേടിയ മികച്ച നേട്ടം പാര്‍വതിയുടേതായിരുന്നു.
സിനിമയില്‍ നിന്നും മോഡലിങ്ങില്‍ നിന്നുമെല്ലാം വിട്ട്, പുതിയൊരു മേഖല പരീക്ഷിക്കുകയാണ് ഇപ്പോൾ പാര്‍വതി. അമേരിക്കയിൽ താമസമാക്കിയ പാർവതി പാചകമേഖലയിലാണ് രംഗത്തുവരുന്നത്.
ഷെഫ് ആണ് ഇപ്പോള്‍ താനെന്ന് നടിയുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറയുന്നു. കുക്കിങ് ചെയ്യുന്ന നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ആദ്യകാല പോസ്റ്റുകളിൽ ഷെഫ് വസ്ത്രമൊക്കെ അണിഞ്ഞ് ഒരു പാചക വിദ്യാർത്ഥി എന്ന നിലയിൽ ആഹ്ലാദിക്കുന്നുവെന്നും നിങ്ങൾ സ്വന്തമായി ഭക്ഷണം ഉണ്ടാക്കാനും മറ്റുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകുവാനും പഠിക്കുന്നുമെന്നുമൊക്കെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
ഒട്ടേറെ പാചകവിഡിയോകളും പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം. ഇടിയപ്പം മുതല്‍, മിക്സഡ് വെജിറ്റബിള്‍സ് ന്യൂഡില്‍സ് വരെയുള്ള വിഭവങ്ങള്‍ ഇതിലുണ്ട്.
പാര്‍വതി പങ്കുവച്ച സ്പെഷല്‍ ഹെല്‍ത്തി പാന്‍കേക്കിന്‍റെ റെസിപ്പി ചുവടെ.
ചേരുവകൾ
ഒന്നാമത്തെ ചേരുവകള്‍
1 ടീസ്പൂൺ ജാതിക്ക പൊടി
1 ടീസ്പൂൺ കറുവപ്പട്ട പൊടി
1/4 ടീസ്പൂൺ ഉപ്പ്
2 ടീസ്പൂൺ റോക്ക് ഷുഗര്‍|
1 ടീസ്പൂൺ ബേക്കിങ് പൗഡർ
2/3 കപ്പ് ഓർഗാനിക് ഹോൾ ഗ്രെയ്ൻ സ്പെല്ലഡ് ഫ്ലവർ
1/3 അരിപ്പൊടി
1 കപ്പ് മിക്സഡ് ബെറികൾ (സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി)
ബെറികള്‍ ഒഴികെ എല്ലാ ഉണങ്ങിയ ചേരുവകളും മിക്സ് ചെയ്ത് മാറ്റിവക്കുക.
രണ്ടാമത്തെ ചേരുവകള്‍
ഗ്രേറ്റ് ചെയ്ത ആപ്പിൾ
1 പഴുത്ത ഏത്തപ്പഴം നന്നായി ഇടിച്ചെടുത്തത്
1 ടീസ്പൂൺ വാനില എസ്സൻസ്
3/4 കപ്പ് തേങ്ങാപ്പാൽ
പാകം ചെയ്യുന്ന വിധം
- രണ്ടാമത്തെ ചേരുവകൾ കലർത്തി കട്ടിയുള്ള രൂപത്തിലാക്കി ഇതിലേക്ക് ഒന്നാമത്തെ ചേരുവകള്‍ ചേര്‍ക്കുക.
- ഇത് നന്നായി കൂട്ടികലർത്തുക. മാവിന് കട്ടി കൂടുതലാണെങ്കില്‍ കൂടുതല്‍ പാൽ ചേര്‍ക്കുക.
- ഇതിലേക്ക് ബെറികള്‍ ചേർത്ത് നന്നായി ഇളക്കുക.- ഒരു വാഫിൾ മേക്കർ അല്ലെങ്കിൽ പാൻ ചൂടാക്കുക, കുറച്ച് എണ്ണ / വെണ്ണ / നെയ്യ് ചേർക്കുക-. 1/3 കപ്പ് മാവ് എടുത്ത് വാഫിൾ മേക്കറിലോ പാനിലോ ഒഴിക്കുക. ഇത് വെന്ത ശേഷം എടുത്ത് അരിഞ്ഞ വാഴപ്പഴത്തോടൊപ്പം വിളമ്പി കഴിക്കാം.