വനിതാ ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്‌ലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. മത്സരത്തിൽ 3 വിക്കറ്റ് നേടിയ ദീപ്‌തി ശർമ്മയുടെ കരുത്തിലാണ് ഇന്ത്യ കുതിച്ചത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിൽ 7 തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ 2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യയുടെ ഏക ഫൈനൽ തോൽവി.
ബംഗ്ലാദേശിലെ സിൽഹെറ്റിൽ വച്ച് നടന്ന ഒന്നാം സെമിയിൽ 148 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ തായ്‌ലൻഡിന് 20 ഓവറിൽ 74 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ 28 പന്തിൽ 42 റൺസുമായി തിളങ്ങി. 36 റൺസുമായി ഹർമൻപ്രീത് കൗറും, 27 റൺസുമായി ജമീമ റോഡ്രിഗസും ഷെഫാലി വർമക്ക് മികച്ച പിന്തുണ നൽകി.
ശനിയാഴ്‌ച സിൽഹറ്റിൽ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഇന്ത്യ നേരിടുക. ഇതുവരെ നടന്ന 8 വനിതാ ഏഷ്യ കപ്പുകളിലും ഫൈനലിൽ എത്തിയ ഏക ടീം കൂടിയാണ് ഇന്ത്യ.