വിജയ് നായകനായി എത്തിയ സുറ എന്ന ചിത്രമാണ് താൻ വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ചിത്രമെന്ന്, തമന്ന ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു, അല്ലെങ്കില്‍ വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ചിത്രം, അങ്ങനെ ചിന്തിച്ച ഏതെങ്കിലും സിനിമ ഉണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു തമന്ന.
അനേകം സിനിമകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിലൊരു സിനിമയാണ് സുറ. ഈ സിനിമ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇതിലെ ചില രംഗങ്ങളിൽ ഞാൻ വളരെ മോശമാണ്. ഇതിലെ പാട്ടുകൾ വളരെ പ്രശസ്തമാണ്.
ആ ചിത്രത്തിലെ പല സീനുകളിലും എന്റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ത്തന്നെ ഇത് മോശമാകുമെന്നു തോന്നിയിരുന്നു. ഇതുപോലെ മറ്റു പല ചിത്രങ്ങൾക്കിടയിലും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.
പക്ഷേ അത് പൂർത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ സിനിമകളും ജയം, പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാര്‍ ഒപ്പിട്ടാല്‍ എന്തു സംഭവിച്ചാലും അതു പൂര്‍ത്തിയാക്കണം.
അതാണ് അഭിനേതാവിന്റെ കടമ. സിനിമ എന്നത് വലിയ മുതല്‍മുടക്കുള്ള കലയാണ്. ഒരുപാട് പൈസ ഇൻവസ്റ്റ് ചെയ്യുന്നതാണ്. നമുക്കും ഉത്തരവാദിത്തമുണ്ട്. ഈ സിനിമ ശ്രദ്ധിക്കപ്പെടില്ലെന്നറിഞ്ഞു തന്നെ അഭിനയിക്കേണ്ടിവരും. അത് ജോലിയുടെ ഭാഗമാണ്. തമന്ന പറഞ്ഞു. 2010ൽ റിലീസ് ചെയ്ത സുറ എന്ന ചിത്രം സംവിധാനം ചെയ്തത് എസ്.പി. രാജ്കുമാറാണ്.