അച്ചന്റെ മൃതദേഹം ദഹിപ്പിച്ചത് ഞാനാണ്; അച്ചൻ മരിച്ചപ്പോൾ താൻ ഒറ്റയ്ക്കായപോലെ തോന്നി: നിഖില വിമൽ

അച്ചൻ മരിച്ചപ്പോൾ സംസ്കാരം ഉൾപ്പടെ എല്ലാ കർമങ്ങളെല്ലാം തനിയെ ചെയ്യേണ്ടിവന്ന സാഹചര്യം തുറന്നു പറഞ്ഞ് നിഖില വിമൽ. അമ്മയ്ക്കും സഹോദരിക്കും കോവിഡ് ബാധിച്ചിരുന്ന സമയത്താണ് അച്ചന് അസുഖം കൂടിയത്. അച്ചൻ മരിച്ചപ്പോൾ താൻ ഒറ്റയ്ക്കായപോലെ തോന്നിയെന്നും നിഖില പറയുന്നു. അച്ചന്റെ സംസ്കാരവും ശേഷക്രിയയും ഉൾപ്പടെ എല്ലാം പാർട്ടിയിലെ ചിലരുടെ സഹായത്തോടെ തനിയെ ചെയ്യേണ്ടി വന്നത് ഏറെ വേദനിപ്പിച്ചു. കുടുംബം എന്നും കൂടെ ഉണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷേ ആവശ്യത്തിന് ആരും ഉപകരിച്ചില്ല അതുകൊണ്ട് ഇപ്പോൾ ആരോടും അഭിപ്രായം ചോദിക്കാതെ സ്വയം തീരുമാനമെടുത്താണ് സ്വന്തം കാര്യങ്ങളിലെല്ലാം ചെയ്യുന്നതെന്ന് നിഖില പറയുന്നു. ഒരു യൂട്യൂബിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

അച്ചനെ ശുശ്രൂഷിക്കുന്നത് ബുദ്ധിമുട്ട് ആയിരുന്നു.ആറടി പൊക്കം ഒക്കെയുള്ള വലിയൊരു ആളായിരുന്നു അച്ചൻ. എന്ത് പറഞ്ഞാലും അച്ചൻ അനുസരിക്കില്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ അച്ചൻ ചെയ്യൂ. പക്ഷേ അച്ചൻ പറയുന്ന കാര്യങ്ങളൊക്കെ തമാശയായിട്ടേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അപകട ശേഷം അച്ചന് ഓർമ കുറവായിരുന്നു. അതുകൊണ്ട് വാശിയും കൂടുതൽ ആയിരുന്നു. അച്ചന് മധുരം ഏറെ ഇഷ്ടമാണ്. മധുരം കഴിക്കാൻ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കും. പഴത്തിനായി കുട്ടികളെ പോലെ വാശി പിടിക്കും. ഈ അവസ്ഥയിൽ പതിനഞ്ച് വർഷത്തോളം അച്ചനെ നോക്കേണ്ടി വന്നു. അച്ചൻ മരിച്ചുകഴിഞ്ഞ് കര്‍മം ചെയ്തപ്പോൾ പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് അച്ചനുവേണ്ടി വച്ചത്.

അച്ചൻ പോയ ശേഷം ഇന്ന് അമ്മ അച്ചനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കാരണം വയ്യാതെ കിടന്നാലും അച്ചൻ അമ്മയ്ക്ക് എന്നും കൂട്ടായിരുന്നല്ലോ. അച്ചന്റെ വിയോ​ഗം ഏറ്റവും കൂടുതൽ ബാധിച്ചത് ചേച്ചി അഖിലയെ ആണ്. കാരണം ചേച്ചി അച്ചൻ കുട്ടി ആയിരുന്നു. അച്ചന്റെ മരണം ഉൾക്കൊള്ളാൻ ചേച്ചി കുറച്ചധികം സമയം എടുത്തു. എനിക്ക് അറിവാകുന്നതിന് മുന്നെ തന്നെ അച്ചൻ രോഗബാധിതനായിരുന്നു. പക്ഷേ ചേച്ചിക്ക് അച്ചനുമായുള്ള ഓർമ്മകൾ കൂടുതലുണ്ട് അതുകൊണ്ട് അവളുടെ ലൈഫിൽ ആണ് അച്ചന്റെ ഇൻഫ്ലുവൻസ് ഉള്ളത്.

ചേച്ചിക്കും അമ്മയ്ക്കും കോവിഡ് ആയിരുന്ന സമയത്തായിരുന്നു അച്ചന്റെ മരണം. അച്ചന് വയ്യാതായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ന്യൂമോണിയ ആയി ഇന്‍ഫെക്‌ഷന്‍ വന്നാണ് അച്ചന്‍ മരിച്ചത്. അച്ചൻ മരിക്കുമ്പോൾ ഞാൻ മാത്രമേ കൂടെ ഉള്ളൂ. ഒരുപാട് ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു അത്. കോവിഡ് ആണ് ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. ഞാനും പാർട്ടിയിലെ ചില ചേട്ടന്മാരും കൂടിയാണ് അച്ചന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം ദഹിപ്പിച്ചത്. ചേച്ചിയായിരുന്നു ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായി ആരെങ്കിലും വരുവോ എന്ന് ഞാൻ പലരെയും വിളിച്ച് ചോദിച്ചു. പക്ഷേ കോവിഡ് ആയതിനാൽ ആരും വന്നില്ല.

അച്ചൻ മരിച്ച ശേഷം ജീവിതത്തിൽ കുറേക്കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ആരും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. എങ്കിലും ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ആ സംഭവത്തിന് ശേഷം ഞാൻ ആരുടെയും അനുവാദത്തിന് വേണ്ടി കാത്തുനിന്നിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നത്.’’– നിഖില പറയുന്നു

You might also like