മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകളും മമ്മൂട്ടിയുടെ സ്റ്റില്‍സുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോള്‍ ഇതാ റോഷാക്കിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.
മരത്തില്‍ ഇടിച്ചു കയറിയ കാറിലിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നേരത്തെ പുറത്തുവന്ന അപ്‌ഡേറ്റുകളെ പോലെ തന്നെ പുതിയ പോസ്റ്ററും ശ്രദ്ധനേടിയിരിക്കുകയാണ്.അടുത്തിടെ റോഷാക്കിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രവും മമ്മൂട്ടി കേന്ദ്ര കഥാപാത്രവുമാകുന്ന ചിത്രം ഒക്ടോബര്‍ 7ന് തിയേറ്ററുകളിലെത്തും.
കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.