പിറന്നാൾ നിറവിൽ കമൽ ഹാസൻ
സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭാവിലാസമാണ് കമൽഹാസന്റേത് . മനോഹരവും സമ്പന്നവും ഏകാന്തവുമായ തിളക്കത്തിന്റെ ഒറ്റനക്ഷത്രം. ചലച്ചിത്രമേഖലയുടെ എല്ലാ രംഗത്തും ഒരേപോലെ മികവു തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വം. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നൃത്തം, ഗായകന്‍ എന്നീ നിലകളിലെല്ലാം പതിഞ്ഞ പ്രതിഭ. ആ കമൽഹാസന് ഇന്ന് 68 തികയുന്നു.
ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസ്സില്‍ അഭിനയം ആരംഭിച്ചു.മാതൃഭാഷ തമിഴെങ്കിലും മലയാളിയെന്ന് അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചു. പെറ്റമ്മയും പോറ്റമ്മയുമായാണ് കമല്‍ഹാസന്‍ തമിഴിനേയും മലയാളത്തേയും കാണുന്നത്. 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ സജീവ സാന്നിദ്ധ്യമാണ്.
മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍. 2016-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു. ഓസ്‌ക്കര്‍ നോമിനേഷന്‍ ഉള്‍പ്പെടെയുള്ള നിലവാരമുള്ള ചിത്രങ്ങളിലൂടെ വിനോദവും കലാമൂല്യവും ഒപ്പം കലര്‍ത്തി ചലച്ചിത്രപരീക്ഷണങ്ങള്‍ വിജയരമായി നടപ്പാക്കി. മതേതരമായ കാഴ്ചപ്പാടോടെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നു.