പരമ്പര തൂത്തുവാരാന്‍ ഇന്ത്യ : മൂന്നാം T20 ഇന്ന്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. മറുഭാഗത്ത് ആശ്വാസ ജയം തേടിയാകും ടെംബ ബവുമയും സംഘവും എത്തുക. ഇന്‍ഡോറില്‍ രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
പരമ്പര സ്വന്തമാക്കിയതോടെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിയ്ക്കും ലോകേഷ് രാഹുലിനും ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. കോഹ്ലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യരാകും മൂന്നാമനായി ക്രീസിലെത്തുക. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാകും മത്സരം നടക്കുക. ഈര്‍പ്പത്തിന്റെ സാന്നിദ്ധ്യവും മത്സര ഫലത്തില്‍ പ്രധാന പങ്കുവഹിച്ചേക്കും.
ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും പ്രകടനമാണ് നിര്‍ണായകമായത്. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ ഗംഭീര പ്രകടനമാണ് കാണാനായത്. ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും റണ്‍സ് കണ്ടെത്തിയെങ്കിലും 22 പന്തില്‍ 61 റണ്‍സുമായി കളം നിറഞ്ഞ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമായിരുന്നു വേറിട്ടു നിന്നത്.