പച്ചക്കറികൾ ഇനി ചീഞ്ഞുപോകില്ല, ഫ്രഷായി വയ്ക്കാം; ഇങ്ങനെ ചെയ്താൽ മതി

തിരക്ക് പിടിച്ച ദിവസങ്ങൾ, ജോലി, കുട്ടികളുടെ കാര്യങ്ങൾ, ഭക്ഷണം തയാറാക്കൽ അങ്ങനെയങ്ങനെ നീളുകയാണ് ഓരോ കുടുംബത്തിലെയും കാര്യങ്ങൾ. ആകെ കിട്ടുന്ന ഒരു അവധി ദിനത്തിൽ വീട്ടിലെ ജോലികളും ഒരാഴ്ചത്തേയ്ക്കുള്ള ഭക്ഷണത്തിന്റെ കാര്യങ്ങളുമൊക്കെ ഒരുക്കി വയ്ക്കുന്നവരുണ്ട്. അത്തരത്തിൽ കറികൾക്ക് വേണ്ടി പച്ചക്കറികൾ അരിഞ്ഞുവയ്ക്കുന്നവർ ഇനി പറയുന്ന കാര്യങ്ങൾ കൂടി മനസിൽ വച്ചോളൂ. പച്ചക്കറികൾ ഒട്ടും തന്നെയും ചീത്തയാകാതെയും ഫ്രഷ്‌നെസ്സ് നഷ്ടപ്പെടാതെയുമിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും.

പച്ചക്കറികൾ കഴുകരുത്

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും കുറച്ചു ദിവസങ്ങൾ കേടുകൂടാതെയിരിക്കണമെങ്കിൽ പച്ചക്കറികൾ കഴുകാതെ തന്നെ സൂക്ഷിക്കണം. പച്ചക്കറികളിൽ ജലാംശമുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞു പോകാനുള്ള സാധ്യതകളുണ്ട്. ആവശ്യമുള്ളവ ഒരു സിപ് ലോക്ക് കവറുകളിലാക്കി സൂക്ഷിക്കാവുന്നതാണ്. ഉപയോഗിക്കുന്നതിനു തൊട്ടുമുൻപായി എടുത്ത് നല്ലതുപോലെ കഴുകി കറികൾ തയാറാക്കാം.

ജലാംശം ഒട്ടുമേ പാടില്ല

അരിഞ്ഞുവെച്ച പച്ചക്കറികളിൽ ഈർപ്പമുണ്ടെങ്കിൽ ബാക്റ്റീരിയകളുണ്ടാകാനിടയുണ്ട്. ആയതിനാൽ കറികൾക്കായി അരിഞ്ഞവ ഒരു കിച്ചൻ ടവലോ പേപ്പർ ടവലോ ഉപയോഗിച്ച് തുടച്ചതിനു ശേഷം കണ്ടെയ്നറുകളിലാക്കി ഫ്രിജിൽ സൂക്ഷിക്കാം. ഒരു പേപ്പർ ടവൽ അടിയിൽ വെച്ചതിനുശേഷം മാത്രം പച്ചക്കറികൾ കണ്ടെയ്നറിലാക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി അധികമുള്ള ഈർപ്പം ഈ പേപ്പർ ടവൽ വലിച്ചെടുത്തുകൊള്ളും.

ഓരോന്നും പ്രത്യേകം കണ്ടെയ്നറുകളിൽ

എത്തിലീൻ ഗ്യാസ് പുറത്തു വിടുന്ന പച്ചക്കറികളും പഴങ്ങളും ഒരുമിച്ചു വയ്ക്കരുത്. എന്തുകൊണ്ടെന്നാൽ മറ്റുള്ള പച്ചക്കറികൾ കൂടി പെട്ടെന്നു കേടുവരാൻ ഇതിടയാക്കും. തക്കാളി, അവകാഡോ, വാഴപ്പഴങ്ങൾ എന്നിവ പ്രത്യേകമായി വയ്ക്കാൻ ശ്രദ്ധിക്കണം. വളരെ പെട്ടെന്ന് ഉപയോഗശൂന്യമായി പോകുന്ന പച്ചക്കറികളായ ഇലവർഗങ്ങൾ, ബ്രോക്കോളി, കാരറ്റ് എന്നിവയും ഒരുമിച്ചു വയ്ക്കരുത്.
ബ്ലാഞ്ചിങ് ചെയ്യാം

ചില പച്ചക്കറികൾ ബ്ലാഞ്ചിങ് ചെയ്തും സൂക്ഷിക്കാം. എങ്ങനെയെന്നല്ലേ? നല്ലതുപോലെ തിളയ്ക്കുന്ന വെള്ളത്തിൽ പച്ചക്കറികൾ ഇട്ടതിനു ശേഷം പെട്ടെന്ന് തന്നെ കോരിയെടുത്തു തണുത്ത വെള്ളത്തിൽ (ഐസ് വാട്ടർ) കഴുകിയെടുക്കാം. തുടർന്ന് ഇവയിലെ ജലാംശം പൂർണമായും മാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.

വായു കടക്കാത്ത പാത്രങ്ങൾ അല്ലെങ്കിൽ സിപ് ലോക്ക് ബാഗുകൾ

അരിഞ്ഞ പച്ചക്കറികൾ വായുകടക്കാത്ത പാത്രങ്ങളിലോ സിപ് ലോക്ക് കവറുകളിലോ ആക്കി സൂക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒട്ടും തന്നെയും വായു അതിനുള്ളിൽ ഇല്ലാതെയിരിക്കണം. അല്ലാത്ത പക്ഷം പച്ചക്കറികൾ ഉപയോഗശൂന്യമായി പോകാനിടയുണ്ട്.

You might also like