2022 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2022 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.അലെയ്ന്‍ ആസ്‌പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിന് തുടക്കമിടുകയും ഈ മേഖലയിലെ വിവിധ കണ്ടെത്തലുകളുമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. രണ്ട് കണികകള്‍ വേര്‍പിരിയുമ്പോഴും ഒരൊറ്റ യൂണിറ്റ് പോലെ പെരുമാറുന്ന എന്‍ടാങ്ക്ഡ് ക്വാണ്ടം സ്റ്റേറ്റുകള്‍ ഉപയോഗിച്ച് മൂവരും പരീക്ഷണങ്ങള്‍ നടത്തി. ഇവരുടെ പരീക്ഷണ ഫലങ്ങള്‍ ക്വാണ്ടം വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കി.

കഴിഞ്ഞ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനം സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവര്‍ക്ക് സംയുക്തമായി ലഭിച്ചു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഭൂമിയുടെ ഉപരിതലത്തില്‍ താപനില വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയതിനായിരുന്നു അംഗീകാരം. കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര വിതരണം ആരംഭിച്ചത്. ആദ്യ ദിനം വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം ജനിതക ശാസ്ത്രജ്ഞനായ സ്വാന്റേ പേബൂയ്ക്ക് ലഭിച്ചു. മനുഷ്യരുടെ വംശനാശം സംഭവിച്ച പൂര്‍വ്വികരായ നിയാണ്ടര്‍ത്താലിന്റെ ജീനോം ക്രമീകരിച്ചതാണ് പേബൂവിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

You might also like