
‘കാപ്പ’ റിലീസ് തീയതി പ്രഖ്യാപിച്ചു
അധോലോകത്തിന്റെ കഥ പറയുന്ന ‘കാപ്പ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’ .ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും. തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥയാണ് കാപ്പ പറയുന്നത് . അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രം വന്‍ വിജയമായിരുന്നു. അതിനാല്‍ തന്നെ പൃഥ്വിരാജ്-ഷാജി കൈലാസ് കോമ്പോയില്‍ നിന്നും മറ്റൊരു ഹിറ്റാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കാപ്പയില്‍ ഒരു പ്രധാന കഥാപാത്രമായി മഞ്ജു വാര്യര്‍ എത്താനിരുന്നതാണെങ്കിലും പിന്നീട് താരം പിന്മാറിയിരുന്നു. അജിത് നായകനാകുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിലാണ് മഞ്ജു പിന്മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഞ്ജു പിന്മാറിയതിനാലാണ് അപര്‍ണ ബാലമുരളി കാപ്പയുടെ ഭാഗമായത്. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് അപര്‍ണ ബാലമുരളി അഭിനയിക്കുന്നത്.
പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബാച്ചിലര്‍ പാര്‍ട്ടി, അമര്‍ അക്ബര്‍ അന്തോണി, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.