
തണ്ണിമത്തന്‍ കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെ
വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തന്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. സൗത്താഫ്രിക്കയാണ് തണ്ണിമത്തന്റെ ജന്‍മദേശം.
തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമമാണ്. ഇവയ്‌ക്കൊപ്പം വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും മിതമായ അളവില്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.
പ്ലാന്റ് സംയുക്തമായ ലൈസോപീന്‍ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നല്‍കുന്നത്. ലൈസോപീനും മറ്റ് ആന്റിഓക്‌സിഡന്റുകളായ വൈറ്റമിന്‍ സി യും മറ്റും കൂടുമ്പോള്‍ തണ്ണി മത്തന്‍ കാന്‍സര്‍ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.
തണ്ണിമത്തന്‍ കഴിക്കുന്നത് അമിതമായാല്‍ ഇവയിലെ ലൈസോപീനും സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റും പ്രശ്‌നക്കാര്‍ ആയി മാറും. അത് ദഹനകുറവിനും വയറു കമ്പിക്കലിനും വായുപ്രശ്‌നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊര്‍ജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലുള്ളതിനാല്‍ തണ്ണിമത്തന്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും.