കാന്താര ഒടിടിയിലേക്ക്
തിയേറ്ററുകൾ ഇളക്കി മറിച്ച് രാജ്യമൊട്ടാകെ പടർന്നു പന്തലിച്ച ചിത്രമാണ് കാന്താര. സെപ്റ്റംബർ 30നാണ് ചിത്രം കർണാടകയിൽ റിലീസ് ചെയ്തത്. വൈകാതെ തന്നെ ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും തിയേറ്ററുകളിലെത്തി. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച ചിത്രം എല്ലാ ഭാഷകളിലും വിജയകരമായി പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. കാന്താര നവംബർ 24ന് ആമസോൺ പ്രൈമിലെത്തുമെന്നാണ് വിവരം. അതേസമയം ഒടിടി റിലീസ് സംബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി എത്തിയ സിനിമയാണ് കാന്താര. കെജിഎഫിന് ശേഷം കന്നഡയിൽ ഈ വർഷം തരംഗമായ ചിത്രം കൂടിയായിരുന്നു. കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം മലയാളത്തിൽ തിയേറ്ററുകളിലേയ്ക്ക് എത്തിച്ചത്. മികച്ച പ്രതികരണമാണ് മലയാളം പതിപ്പിനും ലഭിച്ചത്. നായകനായ ശിവയിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. 19-ാം നൂറ്റാണ്ടിൽ കാന്തപുരയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സപ്തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.