
കണ്ണില്‍ കരിമഷി ഇട്ടോളൂ, പക്ഷേ…
കണ്ണുകളിലാണ് ശരീരത്തിന്റെ പകുതി സൗന്ദര്യം. കണ്ണുകളിലൂടെയാണ് പല പ്രണയങ്ങളും സന്തോഷങ്ങളും നാണവും എന്തിന് സങ്കടങ്ങള്‍ പോലും തിരിച്ചറിയപ്പെടുന്നത്. കണ്മഷിയെഴുതിയ കണ്ണുകള്‍ പെണ്ണിന് അഴകാണ്. പക്ഷേ കണ്മഷി ഗുണനിലവാരമില്ലാത്തതാണെങ്കില്‍ അത് കണ്ണിന്റെയും ഒപ്പം മറ്റ് ശരീരഭാഗങ്ങളുടെയും ആരോഗ്യത്തിന് തന്നെ ദോഷകരമാകും. കണ്‍മഷി സൂക്ഷിച്ചുപയോഗിക്കേണ്ട ഒന്നാണ്.

ബ്രാന്‍ഡഡ് അല്ലാത്ത കണ്മഷികളില്‍ ഉയര്‍ന്ന തോതില്‍ ലെഡ് അഥവാ ഈയം അടങ്ങിയിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്. മാരകവിഷമായ ഈയം ഒരാളുടെ ശരീരത്തില്‍ കടന്നാല്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണ്.
ഈയം അകത്ത് ചെന്നാല്‍ എല്ലാ അവയവങ്ങളെയും ബാധിക്കും. തലച്ചോറിനാണ് ഏറ്റവും ദോഷകരം. നാഡീ വ്യവസ്ഥയെ തന്നെ അത് തകരാറിലാക്കും.
കെട്ടിട നിര്‍മാണം, ആസിഡ് ബാറ്ററികള്‍, വെടിയുണ്ടകള്‍, പെയിന്റുകള്‍ തുടങ്ങിയവയില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് ഈയം. പക്ഷേ ഇതിനേക്കാള്‍ ഏറെ ഹാനികരമാണ് കണ്മഷിയിലെ ഈയം. കാരണം അത് കണ്ണിലൂടെ നേരിട്ട് ശരീരത്തില്‍ പ്രവേശിക്കുകയാണ്.

ഹെയര്‍ ഡൈ, ലിപ്സ്റ്റിക്, ഫെയര്‍നസ് ക്രീം തുടങ്ങിയവയിലും അനുവദനീയമായതിനേക്കാള്‍ കൂടുതലായി ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
അതിനാല്‍ സുന്ദരി ആയിരിക്കുമ്പോള്‍ തന്നെ ആരോഗ്യകരമായ സൗന്ദര്യമാണെന്ന് ഉറപ്പുവരുത്തുക.