ടെന്‍ഷന്‍ കുറക്കുന്ന ‘ഹിമാലയന്‍’ പ്രതിവിധിയായ പാട്ടുപാടും പാത്രങ്ങളെക്കുറിച്ചറിയാമോ?

വളരെയധികം സമ്മര്‍ദ്ദത്തിലായിരിക്കുന്ന അവസ്ഥയില്‍ പലരും സംഗീതമാസ്വദിച്ച് മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രത്യേകതരം പാത്രങ്ങള്‍ പുറപ്പെടുവിക്കുന്ന സംഗീതം ടെന്‍ഷന്‍ അകറ്റുന്നതിനായി ഉപയോഗിച്ചു വരുന്നതായി കേട്ടിട്ടുണ്ടോ? അതാണ് ‘ടിബറ്റന്‍ സിങ്ങിങ് ബൗള്‍സ്’!

സ്വര്‍ണ്ണനിറത്തിലുള്ള ഒരുതരം ചെറുപാത്രങ്ങളായ ഇതില്‍ തട്ടുമ്പോള്‍ ആഴത്തിലുള്ള സ്വരം ഉണ്ടാക്കുന്നു. ഭൗതീക ശാസ്ത്രപരമായ പ്രതിഭാസമായ റിസൊണന്‍സ് ആണ് ഈ പ്രതിഭാസത്തിനു പിന്നില്‍. ഈ പാത്രങ്ങളെ ‘ഹിമാലയന്‍ പാത്രങ്ങള്‍’ എന്നും വിളിക്കുന്നു. പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ഈ പാത്രങ്ങള്‍ ടെന്‍ഷന്‍ അകറ്റുമെന്നും ഇവയ്ക്ക് രോഗശാന്തി ഗുണങ്ങളുണ്ടെന്നും വിശ്വസിച്ചു വരുന്നവര്‍ നിരവധിയാണ്.

വെങ്കല അയിരും ടിന്നും സി്ങ്കും ഇരുമ്പും വെള്ളിയും സ്വര്‍ണ്ണവും നിക്കലും കോപ്പറും ചേര്‍ത്താണ് ഈ പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.

പാരമ്പര്യമായി ബുദ്ധ സന്യാസിമാരാണ് ധ്യാന പരിശീലനത്തിനായി വളരെക്കാലമായി ഈ പാത്രങ്ങള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്. സന്യാസിമാരെ കൂടാതെ, മ്യൂസിക് തെറാപ്പിസ്റ്റുകള്‍, മസാജ് തെറാപ്പിസ്റ്റുകള്‍, യോഗ തെറാപ്പിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ളവരും ചികിത്സയ്ക്കിടെ ഈ പാത്രങ്ങള്‍ ഉപയോഗിക്കുന്നതായാണ് പറയപ്പെടുന്നത്.

ഈ ടിബറ്റന്‍ പാത്രങ്ങളുടെ രോഗശാന്തി ഫലങ്ങളെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഒന്നും തന്നെ ഇല്ല. എങ്കിലും അനുഭവസ്ഥര്‍ പറയുന്നതനുസരിച്ച് ഇതിനു സമ്മര്‍ദ്ദം നിയന്ത്രിക്കാനും ശാന്തത കൈവരുത്താനും സാധിക്കും. ആഴത്തിലുള്ള ഇമ്പമാര്‍ന്ന സംഗീതം മനസ്സിനെ ഭാരമില്ലാതാക്കുമെന്നാണ് ഉപയോഗിക്കുന്നവര്‍ വിശ്വസിക്കുന്നത്.

ഈ പാത്രങ്ങളില്‍ നിന്നും പുറത്തു വരുന്ന സംഗീതതരംഗങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ശരീരത്തിനെ പോസിറ്റീവാക്കി നിലനിര്‍ത്തുന്നു. ഈ പാത്രങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാനും മസ്തിഷ്‌ക തരംഗങ്ങളില്‍ ഗുണം വരുത്താനും കഴിയുമെന്നും ചിലര്‍ അവകാശപ്പെടുന്നു.

ഏതായാലും ഏതു പ്രായത്തിലുള്ളവരും ടെന്‍ഷനാണെന്നു പറയുന്ന ഈ കാലഘട്ടത്തില്‍ ഹിമാലയന്‍ പാത്രങ്ങളെ കേരളത്തിലേക്ക് നാടുകടത്തണോ എന്ന് ആലോചിച്ചാലോ…..

You might also like