സേവിംങ്‌സിനെക്കുറിച്ച് ടെന്‍ഷന്‍ അടിക്കുന്നവരാണ് മിക്ക യുവതീയുവാക്കളും. പണം സമ്പാദിക്കുന്നതിനനുസരിച്ച് വര്‍ദ്ധിച്ചു വരുന്ന ചിലവുകള്‍ നിക്ഷേപത്തിന് അനുവദിക്കാത്തതാണ് മിക്കവരുടേയും പ്രശ്‌നം. ഇതിന് മികച്ചൊരു പോംവഴിയാണ് എസ്‌ഐപി നിക്ഷേപങ്ങള്‍. നിക്ഷേപങ്ങള്‍ നടത്തി ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ മികച്ച സമ്പാദ്യം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രമമായി നിക്ഷേപം നടത്തേണ്ട പദ്ധതികളാണ്. നിശ്ചിത കാലയളവിലേക്കായിരിക്കും നിക്ഷേപം. പ്രതിമാസം 500 രൂപ നിക്ഷേപിച്ചു കൊണ്ടു പോലും എസ്‌ഐപി നിക്ഷേപം തുടങ്ങാം എന്നതാണ് പ്രധാന ആകര്‍ഷണം.
എസ്‌ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നിശ്ചിത മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. നല്ലൊരു ഫണ്ട് കണ്ടെത്തി 10,000 രൂപ വെച്ച് പ്രതിമാസം 15 വര്‍ഷത്തേക്കു നിക്ഷേപിച്ചാല്‍ ഫണ്ട് കാലാവധി എത്തുമ്പോള്‍ 41-50 ലക്ഷത്തിനിടയ്ക്ക് ശരാശരി റിട്ടേണ്‍ ലഭിക്കും.
ആ ഫണ്ടിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കും. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മികച്ച എസ്‌ഐപികള്‍ ഒരു മുതല്‍ക്കൂട്ടാണ്. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളില്‍ ആണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ നിക്ഷേപത്തിനു നികുതി ഇളവു ലഭിക്കും. മിക്ക നിക്ഷേപങ്ങള്‍ക്കും മൂന്നു വര്‍ഷത്തെ ലോക്കിങ് പീരീഡ് ഉണ്ടായിരിക്കും. നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള മികച്ച ഫണ്ട് തിരഞ്ഞെടുക്കാം.
പാന്‍കാര്‍ഡ്, അഡ്രസ്പ്രൂഫ് (ആധാര്‍, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയവയില്‍ ഏതെങ്കിലും), പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോഗ്രാഫ്, ചെക്ക് ബുക്ക് തുടങ്ങിയവയുമായി ഏതെങ്കിലും അംഗീകൃത ഫണ്ട് ഹൗസുകളെ സമീപിക്കുകയോ അവരുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപ്ലൈ ചെയ്യുകയോ ചെയ്യാം.
ഓണ്‍ലൈനായി അക്കൗണ്ടു തുടങ്ങുമ്പോള്‍ പേര്, ഡേറ്റ് ഓഫ് ബെര്‍ത്ത് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുടെ കോപ്പി അപ്‌ലോഡ് ചെയ്താല്‍ മതിയാകും.