ആ വിഷമം താങ്ങാനാവുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, സഹിക്കാനാവാത്ത വേദനയിലും ഞാൻ ചിരിച്ചു; അനുഭവം പങ്കുവെച്ച് പാർവതി

അഭിനയവും നിലപാടുകളും കൊണ്ട് സിനിമാസ്വാദകർക്കു പ്രിയപ്പെട്ട അഭിനേത്രിയാണ് പാർവതി തിരുവോത്ത്. 2019ൽ തന്റെ സഹോദരൻ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് പാർവതി. ചിത്രങ്ങളോടൊപ്പം ജീവിതത്തിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റിയും പാർവതി എഴുതി.

2019ലെ ഓണക്കാലത്ത് എടുത്ത ചിത്രമാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലമായിരുന്നു അത്. ഈ ചിത്രങ്ങളെടുക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെയും, ആ സമയത്ത് ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന വേദന എനിക്ക് താങ്ങാനാവുമോ എന്ന സംശയത്തിലായിരുന്നു. ഞാൻ ഒരൽപ്പം വെളിച്ചം പോലും കണ്ടില്ല. അല്ല.

വെളിച്ചമില്ലെന്ന് ഞാൻ വിചാരിക്കുകയാണ് ചെയ്തത്. എപ്പോഴും എന്റെ പ്രിയപ്പെട്ടവർ എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എനിക്ക് മുന്നോട്ടു പോകാന്‍ കഴിയാതിരുന്നപ്പോൾ കാരുണ്യത്തോടെ അവരാണ് എന്നെ നയിച്ചത്. സഹിക്കാനാവാത്ത വേദനയിലും ഞാൻ ചിരിച്ചു, പിന്നെ മുന്നോട്ടു പോയി, ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞാനെത്രമാത്രം ഭാഗ്യമുള്ള ആളാണെന്ന് എനിക്ക് തോന്നി. – പാർവതി കുറിച്ചു.


ആ വേദനയിൽനിന്നും നിങ്ങൾ പുറത്തുകടന്നതിൽ സന്തോഷമുണ്ടെന്നും നിങ്ങളുടെ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നുമാണ് ഫോട്ടോയ്ക്കു താഴെയുള്ള കമന്റുകൾ

You might also like