ഉത്സവകാലത്ത് വെല്ലുവിളിയായി കൊറോണയുടെ ബിഎഫ്.7 വകഭേദം

കൊറോണ വൈറസ് രോഗബാധ ലോകത്തെ മുഴുവന്‍ മാറ്റിമറിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ കൊറോണ മഹാമാരി പൂര്‍ണമായി അവസാനിച്ചുവെന്ന് ആളുകള്‍ കരുതിയിരുന്നതാണ്. അതേസമയം, ജനങ്ങളുടെ ഈ വിശ്വാസത്തെ വെല്ലുവിളിച്ച് കൊറോണയുടെ പുതിയ വകഭേദങ്ങള്‍ തലപൊക്കി തുടങ്ങിയിരിക്കുന്നു. രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ അടുത്തിടെ കൊറോണയുടെ ഒരു പുതിയ വകഭേദം എല്ലാവരുടെയും ആശങ്കകള്‍ വീണ്ടും ഉയര്‍ത്തി. 

കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഇവയ്ക്ക് വ്യാപനശേഷി കൂടുതലാണെന്നും, കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററാണ് രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ചൈനയിലാണ് ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് പടര്‍ന്നത്.

ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ ആണ് ഇന്ത്യയില്‍ BF.7 സബ് വേരിയന്റിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ബിഎഫ്.7, ബിഎ.5.1.7 എന്നീ വേരിയന്റുകളാണ് ചൈനയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമായത്.  ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ഒമിക്രോണിന്റെ പുതിയ ഉപ-വകഭേദങ്ങള്‍ ബിഎ.5.1.7, ബിഎഫ്.7 എന്നിവ വളരെ പകര്‍ച്ചവ്യാധിയാണെന്ന് അറിയപ്പെടുന്നു.

ലോക്ക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും ഇളവുകള്‍ക്ക് ശേഷം, രാജ്യത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ദീപാവലി ആഘോഷിക്കാന്‍ ഇന്ത്യയിലെ ആളുകള്‍ ആവേശത്തോടെ തയ്യാറെടുക്കുകയാണ്, എന്നാല്‍ ദീപാവലി, ദന്തേരാസ്, ഗോവര്‍ദ്ധന്‍ പൂജ, ഭായ് ദൂജ് എന്നിവയ്ക്ക് മുമ്പ് തന്നെ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

മാസ്‌ക് ധരിക്കുന്നത് ഇപ്പോള്‍ നിര്‍ത്തരുതെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യണമെന്നും വിദഗ്ധര്‍ പറയുന്നു. രണ്ട് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മറ്റ് ഒമൈക്രോണ്‍ ഉപ വേരിയന്റുകളേക്കാള്‍ നേരത്തെയുള്ള വാക്സിനേഷനുകളും ആന്റിബോഡികളും ബിഎഫ്.7 വേരിയന്റിന് അതിജീവിക്കാനാകുമെന്നാണ്. 

You might also like