നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിന് ഒക്ടോബര്‍ ഒമ്പതുവരെ അപേക്ഷിക്കാം

ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും (ജെആര്‍എഫ്) സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ ജോലിക്കും യോഗ്യത നല്‍കുന്ന യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷിക്കാം. പരീക്ഷ ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടക്കും. ഒക്ടോബര്‍ ഒമ്പതുവരെ അപേക്ഷിക്കാം. നവംബര്‍ ഒമ്പതിന് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ഡിസംബര്‍ 31ന് ഫലം പ്രസിദ്ധീകരിക്കും.

ജനറല്‍ വിഭാഗക്കാര്‍ക്ക് 1000 രൂപ, ഒബിസി (നോണ്‍ ക്രീമിലെയര്‍)ക്ക് 500 രൂപ, എസ്സി/എസ്ടി/വികലാംഗര്‍/ഭിന്നലിംഗക്കാര്‍ക്ക് – 250 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇ- ചെലാന്‍ മുഖേനയോ (സിന്‍ഡിക്കറ്റ്/ കാനറ/ ഐസിഐസിഐ/ എച്ച്ഡിഎഫ്‌സി ബാങ്കുകളിലൂടെ ഇ- ചെലാന്‍ പേയ്മെന്റ് നടത്തണം) ഫീസടയ്ക്കാം.

ഭാഷാവിഷയങ്ങളുള്‍പ്പെടെ 84 വിഷയങ്ങളിലാണു നെറ്റ് നടക്കുക. കേരളത്തില്‍ 13 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ജെആര്‍എഫ് പാസാകുന്നവര്‍ക്കു പിജിക്കു പഠിച്ച വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്താം. അസിസ്റ്റന്റ് പ്രഫസര്‍ ജോലിക്കും അര്‍ഹതയുണ്ട്. എന്നാല്‍ അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യത മാത്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് ജെആര്‍എഫ് നല്‍കുന്നതല്ല. ജെആര്‍എഫിനും അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യതയ്ക്കും കൂടി ഒരുമിച്ച് അപേക്ഷിക്കുകയാണോ അതോ അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യതയ്ക്കു മാത്രം അപേക്ഷിക്കുകയാണോയെന്ന് അപേക്ഷാഫോമില്‍ വ്യക്തമായി രേഖപ്പെടുത്തണം.ജെആര്‍എഫ് യോഗ്യത നേടുന്നവര്‍ക്കു രണ്ടു വര്‍ഷത്തേയ്ക്കു ഫെലോഷിപ്പ് ലഭിക്കും. ഇതിനകം പിഎച്ച്ഡി/എംഫില്‍ പ്രവേശനം നേടിയവരാണെങ്കില്‍ നെറ്റ് ഫലം പ്രസിദ്ധീകരിക്കുന്ന തീയതി തൊട്ടോ പ്രവേശനം നേടിയ തീയതി മുതല്‍ക്കോ (ഇവയില്‍ ആദ്യം വരുന്നതു പരിഗണിക്കും) ഫെലോഷിപ്പിന് അര്‍ഹതയുണ്ട്.

യോഗ്യത- കുറഞ്ഞത് 55% മാര്‍ക്കോടെ ഏതെങ്കിലും മാനവികവിഷയങ്ങളിലും (ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ) സോഷ്യല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ് തുടങ്ങിയ വിഷയങ്ങളിലും നേടിയ അംഗീകൃത ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യം. ഒബിസി (നോണ്‍ ക്രീമിലെയര്‍)/എസ്സി/എസ്ടി/വികലാംഗര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്ക് മതി. മാര്‍ക്ക് ശതമാനം റൗണ്ട് ചെയ്തു കണക്കാക്കിയതാകരുത്. ഗ്രേസ് മാര്‍ക്കും പരിഗണിക്കില്ല. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ജെആര്‍എഫിന് 2019 ഡിസംബര്‍ ഒന്നിന് 30 വയസ് കവിയരുത്. എസ്സി/എസ്ടി/ഒബിസി/വികലാംഗര്‍/ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കും സ്ത്രീകള്‍ക്കും അഞ്ചു വര്‍ഷം ഇളവു നല്‍കും. അനുബന്ധ വിഷയത്തില്‍ ഗവേഷണ പരിചയമുള്ളവര്‍ക്കു ഗവേഷണ കാലയളവു കണക്കാക്കിയും പ്രായപരിധിയില്‍ ഇളവനുവദിക്കും. എല്‍എല്‍എം ഡിഗ്രിക്കാര്‍ക്ക് പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവുണ്ട്.

അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യതയ്ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല.അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യതക്കാര്‍ക്കുള്ള ഇളവുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കു വിജ്ഞാപനം കാണുക.1991 സെപ്റ്റംബര്‍ 19 നകം പിജി പരീക്ഷ പൂര്‍ത്തിയാക്കിയിട്ടുള്ള പിഎച്ച്ഡിക്കാര്‍ക്കു മൊത്തം മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവനുവദിക്കും (50 ശതമമാനം മതി). പിജിയെടുത്ത അതേ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ മാത്രമേ നെറ്റ് എഴുതാനാകൂ.

പേപ്പര്‍ ഒന്നില്‍ 50 ചോദ്യം രണ്ടില്‍ 100
രണ്ടു പേപ്പറുകളാണുള്ളത്. അധ്യാപനം/ഗവേഷണപാടവം പരിശോധിക്കുകയാണ് പേപ്പര്‍ ഒന്നില്‍. 50 ചോദ്യങ്ങള്‍. ആകെ നൂറുമാര്‍ക്ക് . റീസണിങ്, കോംപ്രിഹെന്‍ഷന്‍, വ്യത്യസ്ത ചിന്ത, ജനറല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. പേപ്പര്‍ രണ്ടില്‍ പൊതുചോദ്യത്തെ ആസ്പദമാക്കിയുള്ള ആകെ 200 മാര്‍ക്കിന്റെ 100 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. നെഗറ്റീവ് മാര്‍ക്കില്ല.

രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. രാവിലത്തെ ഷിഫ്റ്റ് 9.30 മുതല്‍ 12. 30 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 5. 30വരെയുമാണ്. മൂന്ന് മണിക്കൂര്‍ ഇടവേളയില്ലാതെ രണ്ട് പരീക്ഷയും തുടര്‍ച്ചയായി നടത്തുകയാണ്. രാവിലത്തെ ഷിഫ്റ്റില്‍ 7.30നും 8.30നും ഇടയില്‍ ഹാളിലെത്തണം. ഉച്ചയ്ക്ക് 1.45നും 2നും ഇടയില്‍ ഹാളിലെത്തണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കും. അപേക്ഷയില്‍ അപ്ലോഡ് ചെയ്യാനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും ജെപിജി ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്തെടുക്കണം. ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലുണ്ട്. അപേക്ഷിച്ചതിനു ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റെടുക്കണം. അപേക്ഷിക്കുന്നതിനു മുന്‍പ് www.nta.ac.in , ntanet.nic.in , ugcnet.nta.nic.in എന്നീ വെബ്സൈറ്റുകളിലുള്ള വിശദ വിജ്ഞാപനം വായിച്ച് മനസിലാക്കുക.

You might also like