അമിത രോമവളര്‍ച്ചയ്ക്ക് നാടന്‍ പ്രതിവിധികള്‍

പെണ്‍കുട്ടികളേയും സ്ത്രീകളേയും വല്ലാതെ വേദനിപ്പിക്കുന്ന ഒരു പ്രശ്നമാണ് അമിത രോമവളര്‍ച്ച. ഇത് മുഖത്തും മേല്‍ച്ചുണ്ടിലുമാകുന്നത് ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നു. സൗന്ദര്യപ്രശ്നമായി മാത്രം ഇതിനെ ഒതുക്കാന്‍ സാധിക്കില്ല.

അമിതമായ രോമവളര്‍ച്ച പല കാരണങ്ങള്‍കൊണ്ടുമാവാം. ആമാശയരോഗങ്ങള്‍, അഡ്രിനല്‍ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തൈറോയിഡ് പ്രശ്നങ്ങള്‍ ഇവയെല്ലാം കാരണമാവാം. ചിലതെല്ലാം ചികിത്സ തേടേണ്ട പ്രശ്‌നങ്ങളാണ്.

ആധുനികകാലഘട്ടത്തില്‍ ഇതിനെ ഒഴിവാക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. ത്രഡിംഗ്, വാക്സിംഗ്, പ്ലക്കിംഗ്, ലേസര്‍ ഹെയര്‍ റിമൂവര്‍ തുടങ്ങിയവ കൂടാതെ വിപണിയില്‍ ഇതിനായി പല തരത്തിലുള്ള ക്രീമുകളും ലഭ്യമാണ്. എന്നാല്‍ ഇവയില്‍ ചിലതിനെല്ലാം ഏതെങ്കിലും തരത്തിലുള്ള സൈഡ് എഫക്ട്സ് കാണുമെന്ന് മാത്രം.

എന്നാല്‍ ഇതിനായി ഉപയോഗിക്കാവുന്ന പരമ്പരാഗതമായ നാടന്‍ മാര്‍ഗ്ഗങ്ങളുമുണ്ട്. സൈഡ് എഫക്ട്സും ഇല്ല, പണചിലവും കുറവ്. പല സാധനങ്ങളും നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളുമാണ്. അവ ഏതൊക്കെയെന്നറിയാം.

മഞ്ഞള്‍ ആണ് രോമം കളയാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല വസ്തു. മഞ്ഞള്‍ ഏറ്റവും നല്ലൊരു അണുനാശിനി കൂടിയാണ്. മാര്‍ക്കറ്റില്‍ നിന്നും പാക്കറ്റ് രൂപത്തില്‍ ലഭിക്കുന്ന മഞ്ഞള്‍പ്പൊടിയല്ല ഉപയോഗിക്കേണ്ടത്. പച്ചമഞ്ഞളോ അല്ലെങ്കില്‍ നമ്മള്‍ തന്നെ പൊടിച്ചെടുക്കുന്നതോ ഉപയോഗിക്കാം. ഏറ്റവും നല്ലത് കസ്തൂരി മഞ്ഞളാണ്. ഇതിനായും വിപണിയെ ആശ്രയിക്കാതെ സ്വയം തയ്യാറാക്കാം.

മഞ്ഞളും പപ്പായയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തുപുരട്ടുക. മുപ്പതുമിനിറ്റിനു ശേഷം കഴുകി കളയാം.

രോമം കളയാന്‍ മഞ്ഞള്‍ പാല്‍പ്പാടയില്‍ ചാലിച്ചും മുഖത്തു പുരട്ടാം.

മഞ്ഞള്‍ കുഴമ്പുരൂപത്തിലാക്കി രാത്രിയില്‍ മുഖത്തും രോമമുള്ളിടത്തും പുരട്ടാം. കാലത്ത് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. പുരികത്തില്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കാം.

പഞ്ചസാര ചെറുനാരങ്ങാനീരില്‍ ചാലിച്ച മിശ്രിതവും രോമമില്ലാതാക്കാന്‍ സഹായിക്കും.

കടലപ്പൊടിയില്‍ മഞ്ഞളും തൈരും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് രോമത്തെ ഇല്ലാതാക്കാനും മുഖചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

You might also like