കൈയ്യടിക്കാന്‍ മറക്കരുത് ലോക ചാമ്പ്യനായ മാനസി ജോഷിയ്ക്ക്…

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നോസോമി ഒകുഹാരയെ തോല്‍പ്പിച്ച് താരം പിവി സിന്ധു സ്വര്‍ണം നേടിയത് വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ അതിന് ഒരു ദിവസം മുന്‍പ് മറ്റൊരു ഇന്ത്യന്‍ വനിതയും സമാനനേട്ടം കൈവരിച്ചിരുന്നു. പാര ബാഡ്മിന്റണ്‍ താരം മനസി ജോഷിയും സിന്ധുവിന് തൊട്ടു മുമ്പ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചു.

വനിതാ സിംഗിള്‍സ് എസ്എല്‍ 3 ഫൈനലില്‍ പരിചയസമ്പന്നനായ പരുള്‍ പാര്‍മറിനെതിരെ തോല്‍വിയറിയിച്ചാണ് മനസി വിജയിച്ചത്. വൈകല്യമുള്ളവരുടെ ലോകമല്ല ഇതെന്നു പറയുന്ന തരത്തില്‍ ആ വിജയം കണാതെപോകരുത് നമ്മള്‍. കാരണം ജീവിതത്തില്‍ വിധിയുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ അതിജീവനത്തിന്റെ വിജയം നേടിയെടുത്തവരാണവര്‍.

അപ്രതീക്ഷിതമായ ഒരു അപകടം ജീവിതത്തില്‍ സംഭവിച്ചാല്‍ തകര്‍ന്നുപോയി ഒറ്റപ്പെടലിലേക്ക് ഒതുങ്ങിക്കൂടുന്നവര്‍ക്ക് പ്രചോദനമാകും മാനസിയുടെ ജീവിത കഥ. അതിജീവനത്തിന്റെ കഥ മാനസി തന്നെ ഹ്യൂമെന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

നിറയെ സ്വപ്നങ്ങളുള്ള മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു മാനസി. മികച്ച രീതിയില്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലിയും നേടി. ജോലിത്തിരക്കുകള്‍ക്കൊപ്പം പത്തുവയസ്സുമുതല്‍ കൂടെക്കൂട്ടിയ ബാഡ്മിന്റണുമായി ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്ന നാളുകളൊന്നിലാണ് വാഹനാപകടത്തെ തുടര്‍ന്ന് മാനസിക്ക് ഇടതുകാല് നഷ്ടപ്പെടുന്നത്.

മാനസി ഇങ്ങനെ കുറിക്കുന്നു- ‘ഞാന്‍ അന്നു ജോലിക്കു പോകുമ്പോഴായിരുന്നു അതു സംഭവിച്ചത്. ഒരു ട്രക്ക് എന്റെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച് എന്റെ ഇടതു കാലില്‍ കൂടി കയറി ഇറങ്ങി. അതു ഡ്രൈവറുടെ തെറ്റല്ലായിരുന്നു, റോഡില്‍ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കാത്ത വിധം മറഞ്ഞിരുന്ന ഒരു തൂണായിരുന്നു അപകട കാരണം. എന്റെ ചുറ്റിനും ആളുകള്‍ കൂടി. അവര്‍ എന്നെ ആശുപത്രിയിലാക്കി. അപ്പോള്‍ സമയം ഏകദേശം 9.30 ആയിരുന്നു. പക്ഷെ എന്റെ ഓപ്പറേഷന്‍ നടന്നത് വൈകിട്ട് 5.30 ന് ആണ്. ഡോക്ടര്‍മാര്‍ കഴിവതും എന്റെ കാല് നിലനിര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ഒരാഴ്ചക്കു ശേഷം കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുകയും തുടര്‍ന്ന് കാല് മുറിച്ചു മാറ്റേണ്ടതായും വന്നു. ഡോക്ടര്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചത് എന്തിനാണ് ഇത്രയും വൈകിയത് എന്നാണ്. എനിക്കറിയാമായിരുന്നു വൈകാതെ തന്നെ ഇങ്ങനെ സംഭവിക്കുമെന്ന്. എന്നെ ഈ ചിന്തകളിലൂടെ എല്ലാം കൊണ്ടു പോയത് എന്റെ അംഗീകാര മനോഭാവമാണ്. ഇതു എന്റെ വിധിയാണ്.’

മാനസിക്കു വേണമെങ്കില്‍ വിധിയെ ഓര്‍ത്ത് കരയാമായിരുന്നു. അല്ലെങ്കില്‍ ജീവിതത്തിലെ കൈപ്പേറിയ ഒരു അനുഭവമായി കരുതി അതിനെ മറന്നു കളഞ്ഞ് മുന്നോട്ടു ജീവിക്കാം. മാനസി രണ്ടാമത്തേതു തിരഞ്ഞെടുത്തു. തന്നെക്കാണാന്‍ ആശുപത്രിയില്‍ വരുന്നവരെയൊക്കെ മാനസിതന്നെ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. തുടര്‍ന്ന് ഫിസിയോ തെറാപ്പിക്ക് വിധേയയാകുകയും വീണ്ടും നടക്കാന്‍ പരിശീലിക്കുകയും ചെയ്തു.

അപ്പോഴുണ്ടായിരുന്ന മാനസിയുടെ ഏറ്റവും വലിയ ഭയം ബാല്യകാലം മുതലുള്ള ഇഷ്ട വിനോദമായിരുന്ന ബാഡ്മിന്റണ്‍ കളിക്കാന്‍ സാധിക്കുമോ എന്നുള്ളതായിരുന്നു. പക്ഷെ നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സമയത്തും മാനസിയുടെ മനോധൈര്യം അവളെ കളിക്കാന്‍ അനുവദിച്ചു.

മാനസി ഉടന്‍തന്നെ നേട്ടങ്ങള്‍ കൊയ്തുതുടങ്ങി. കോര്‍പ്പറേറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ ജയിക്കാനാരംഭിച്ചു. അംഗപരിമിതയായ കൂട്ടുകാരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നാഷണല്‍ ലെവല്‍ ബാഡ്മിന്റണില്‍ ഒരു കൈ നോക്കാന്‍ മാനസി തീരുമാനിക്കുന്നത്. പിന്നീടങ്ങോട്ട് മാനസിയുടെ മെഡല്‍വേട്ട ആയിരുന്നു. ഒരു പാടു മെഡലുകള്‍ സ്വന്തമാക്കാന്‍ മാനസിക്കു സാധിച്ചു.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കുമ്പോഴും എല്ലാദിവസവും അഞ്ചു മണിക്കൂര്‍ മാനസി പരിശീലനത്തിനായി മാറ്റി വെച്ചു. കൂടുതല്‍ ട്രെയിനിങ്ങും പൂര്‍ത്തിയാക്കിയത് സ്‌കൂബ ഡൈവിങ്ങിലാണ്. കൂടാതെ ഇന്‍ഡ്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളെല്ലാം തന്നെയും സന്ദര്‍ശിക്കുകയും ചെയ്തു.

എങ്ങനെ ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നു എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ മാനസി തിരിച്ചൊരു ചോദ്യം ചോദിക്കും. ‘ഇതില്‍ നിന്നൊക്കെ നിങ്ങളെ തടയുന്നതെന്താണ്്’ എന്ന്. അതെ നമ്മള്‍തന്നെയാണ് നമുക്ക് തടയിടുന്നത്. സാധിക്കില്ല എന്ന് വിധിയെഴുതുന്നതും.

മൂന്ന് തവണ ലോക ചാമ്പ്യനായ പാര്‍മറിനെ ഈ വര്‍ഷം തന്നെ നിരവധി തവണ നേരിട്ടെങ്കിലും മുന്‍പ് തോല്‍വിയായിരുന്നു മാനസിക്ക്. പക്ഷേ മനക്കരുത്തോടെ മാനസി വിജയം നേടി. ഫൈനലില്‍ ശാന്തത കാത്തുസൂക്ഷിച്ചും ചില മൂര്‍ച്ചയുള്ള സ്‌ട്രോക്കുകള്‍ കാഴ്ചവച്ചും പാര്‍മറിനെ 21-12, 21-7 എന്ന സ്‌കോറിനു മാനസി തോല്‍പ്പിച്ചു.

മാനസി പറയുന്നു- ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം എപ്പോഴും സന്തോഷമായിരിക്കുക, അതിനൊപ്പം ഇഷ്ടമുള്ള കാര്യങ്ങള്‍ തടസ്സമില്ലാതെ ചെയ്യുക എന്നതൊക്കെയാണ്. സ്വതന്ത്രമായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റേതായ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് എന്റെ ആഗ്രഹം. ആത്മവിശ്വാസത്തോടെ…’

You might also like