പ്രണയിച്ച പ്രണയിച്ച് കൊല്ലുന്ന കാലത്ത് പ്രണയത്തെക്കുറിച്ച്‌ ജോസഫ് അന്നംകുട്ടി ജോസിന് പറയാനുള്ളത്…

ഒരു കാലത്ത് പ്രണയം എന്നു പറയുമ്പോഴേ ആളുകള്‍ക്ക് ഒരു കുളിര്‍മയുള്ള വികാരമാണ് അനുഭവപ്പെട്ടിരുന്നതെങ്കില്‍. ഇന്ന് അത് മാറി ഭീതിതമായിരിക്കുന്നു. പ്രണയം ഭീതിയിലേക്ക് വഴിമാറിയപ്പോള്‍ കത്തിയും ആസിഡും പെട്രോളുമൊക്കെ ചുവന്ന റോസാപ്പൂവിന് പകരം പ്രണിയതാക്കള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. നിന്നെ ഞാന്‍ സ്‌നേഹിച്ചുകൊല്ലുമെന്ന് പണ്ട് സ്‌നേഹത്തിന്റെ ആതിക്യത്തില്‍ കളിയായി പറഞ്ഞിരുന്നതാണെങ്കില്‍ ഇന്ന് അത് സത്യമായികൊണ്ടിരിക്കുകയാണ്.

ഈ മാറുന്ന സാഹചര്യത്തിലാണ് റോഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് പ്രണയത്തിന് നല്‍കുന്ന നിര്‍വചനം യുവതലമുറ ശ്രദ്ധിക്കേണ്ടത്.
ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവേയാണ് ജോസഫിനോട് എന്താണ് പ്രണയമെന്ന് അവതാരക ചോദിച്ചത്. സദസ്സിനെ നിശബ്ദമാക്കി ജോസഫ് പറഞ്ഞ മറുപടി ഇങ്ങനെ; ‘പ്രണയത്തെ ഞാന്‍ എന്റെ അനുഭവത്തില്‍ നിര്‍വചിക്കാം. എനിക്കൊരു പ്രണയമുണ്ടായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ പഠിക്കുമ്പോള്‍. ജീവിത്തതില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം അതാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. കാരണം എന്നെ ഞാനാക്കിയതില്‍ ആ പ്രണയത്തിനും പങ്കുണ്ട്. നിര്‍ത്താതെ പരസ്പരം ബ്ലാ ബ്ലാ സംസാരിക്കുന്നതല്ല പ്രണയം. ചുരുങ്ങിയ വാക്കുകള്‍ മതി.

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ വ്യക്തിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്ന ചെറിയ ഇടപെടലുകള്‍.നിങ്ങളെ മാതാപിതാക്കളെ കൂടുതല്‍ സ്‌നേഹിക്കാന്‍ നിങ്ങളുടെ പ്രണയം സഹായിക്കുന്നുണ്ടെങ്കില്‍ അതാണ് യഥാര്‍ത്ഥ പ്രണയം. നിങ്ങളെ പഠനത്തില്‍ മികവുറ്റവരാക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ വ്യക്തിത്വം വികസിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ജോലിയില്‍ നിങ്ങളെ വിജയിക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ അതാണ് യതാര്‍ത്ഥ പ്രണയം. ഞാന്‍ അറിഞ്ഞ മനസ്സിലാക്കിയ എന്റെ പ്രണയം അതാണ്.’ നിറഞ്ഞ കൈയടികളോടെയാണ് സദസ് ജോസഫിന്റെ വാക്കുകളെ സ്വീകരിച്ചത്. അതേ സ്‌നേഹിച്ച് സ്‌നേഹിച്ച് കൊല്ലാനുള്ളതല്ല. സ്‌നേഹിച്ച് സ്‌നേഹിച്ച് ജീവിക്കാനുള്ളതാണ് പ്രണയം.

You might also like